Kerala
കൊച്ചി: മലയാള സിനിമാ മേഖലയിൽ പുതിയ കോൾഷീറ്റ് സമ്പ്രദായം നിലവിൽ വന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് ഇതുസംബന്ധിച്ചു കരാർ ഒപ്പിട്ടു. ഇതനുസരിച്ച് 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും.
അഭിനേതാക്കൾ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ടിവന്ന സ്ഥിതി ഇതോടെ മാറും.
തൊഴിലാളികളുടെ വിശ്രമം, ഓവർ ടൈം തുടങ്ങിയ കാര്യങ്ങളിലും കരാറിലൂടെ തീരുമാനമായിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകും.
സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാറെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Movies
വിവാഹശേഷം പേരിലെ സുധി മാറ്റുമെന്നും തട്ടമിടാൻ സാധ്യത 90 ശതമാനം ഉണ്ടാകുമെന്നും വെളിപ്പെടുത്തി രേണു സുധി. രേണു ഉടനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള സുധി എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം.
സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല എന്നും രേണു പറഞ്ഞു.
തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘ചിലപ്പോൾ കാണാനായേക്കും, 85 ശതമാനം, അല്ലെങ്കിൽ 90 ശതമാനം സാധ്യതയുണ്ട്’ എന്നാണ് രേണു സുധി മറുപടി നൽകിയത്.
Kerala
തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകുന്നേരം വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും.
ചടങ്ങിൽ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, വേടന്, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന് ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്, ചിദംബരം തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കും.
ചടങ്ങിനുശേഷം മികച്ച പിന്നണിഗായകര്‍ക്കുള്ള പുരസ്കാരജേതാക്കളായ കെ.എസ്. ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയുമുണ്ട്.
Movies
തന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങി കൂട്ടിക്കൽ ജയചന്ദ്രൻ. താൻ കണ്ടതും അനുഭവിച്ചതുമായ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകവും തുടർന്ന് അതിനെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചലച്ചിത്രവുമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഞാൻ കണ്ടതും, അനുഭവിച്ചതുമായ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകവും, തുടർന്ന് ഒരു ചലച്ചിത്രവും ഞങ്ങൾ ഒരുക്കുകയാണ്! ആദ്യം പുസ്തകം. തുടർന്ന് അതിനെ ആസ്പദമാക്കി സിനിമ. അത് ഒരുക്കുന്നത് നിങ്ങൾ കണ്ട പ്രഗത്ഭനായ ഒരു സംവിധായകനായിരിക്കും! പ്രധാന വേഷത്തിനായി ചമയമിടുന്നത് എതിരില്ലാത്ത ഒരു മഹാനടനായിരിക്കും! അതിലേക്കുള്ള ആദ്യ ചർച്ച കഴിഞ്ഞു!
ഇനിയാണ് പ്രധാന കാര്യം; ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരു കലാകാരന്റെ മോഹം എനിക്കറിയാം! അതുകൊണ്ട് തന്നെ അതിപ്രധാന കഥാപാത്രങ്ങളെ നിങ്ങളെ ഏൽപ്പിക്കാനാണ് തീരുമാനം!
ഞങ്ങളുടെ കൂട്ടം അതിനായി നിങ്ങളെ പൊതു മാധ്യമങ്ങളിലൂടെ ഉടൻ സമീപിക്കും. കുറഞ്ഞത് ഒരുവർഷം എടുത്തേ നടീനടന്മാരെ തിരഞ്ഞെടുക്കൂ! ആയിരം സിനിമ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ! അതിന് തുടക്കം കുറിക്കുന്നൂ! വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.’’ കൂട്ടിക്കൽ ജയചന്ദ്രൻ കുറിച്ചു .
മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനായ കൂട്ടിക്കൽ ജയചന്ദ്രൻ അടുത്ത കാലത്തായി അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
Movies
ബസിൽ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിനെക്കുറിച്ചുള്ള കുറിപ്പ് നടൻ ഹരീഷ് കണാരൻ പങ്കുവച്ചിരുന്നു.
ബസിൽ യാത്ര ചെയ്യവെ അടുത്ത സീറ്റിലിരുന്ന പെൺകുട്ടി ആർത്തവ വേദന കൊണ്ട് ബുദ്ധിമുട്ടിയപ്പോൾ ആശ്വസിപ്പിച്ച ദീപക്കിനെക്കുറിച്ച് അതേ പെൺകുട്ടി പറഞ്ഞ അനുഭവം ഒരു വ്ലോഗര്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് ഹരീഷ് കണാരൻ പങ്കുവച്ചത്.
ഈ പോസ്റ്റിന് താഴെ പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എഴുതിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവർക്കും ഒരു പോലെ സഹിച്ച് നിൽക്കുവാനാവില്ല.
അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അത് ഒന്ന് ഓർത്താൽ നല്ലത്..അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കുന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങൾക്കും ഒന്നും പരിഹാരം കാണാനാവില്ല.. അങ്ങയെ അത് ഓർമിപ്പിക്കുന്നു.!’ എന്നായിരുന്നു ബാദുഷയുടെ കമന്റ്.
Movies
മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.
ചിത്രം ഏപ്രിൽ രണ്ടിന് തീയറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. "വര്‍ഷങ്ങള്‍ കടന്നുപോയി, എന്നാല്‍ ഭൂതകാലം പോവില്ല' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വീടിന് മുന്നില്‍ നില്ക്കുന്ന ജോര്‍ജ് കുട്ടിയേയും കുടുംബത്തേയുമാണ് പോസ്റ്ററില്‍ കാണുന്നത്.
ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ സിനിമാസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി 21ന് സംസ്ഥാനവ്യാപകമായി സിനിമാമേഖലയില്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി അറിയിച്ചു.
പണിമുടക്ക് സിനിമാമേഖലയെ നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണു സമരരംഗത്തുള്ളത്.
സൂചനാസമരത്തിനുശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
Movies
ജയസൂര്യ നായകനാകുന്ന "ആട്' പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സിനിമയിലെ താരങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് ചിത്രീകരണം പൂർത്തിയായെന്ന് അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും അറിയിച്ചിട്ടുണ്ട്.
127 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായെന്നും 2026 മാർച്ച് 19ന് തീയറ്ററിൽ കാണാമെന്നും താരങ്ങൾ അറിയിച്ചു. മിഥുൻ മാനുവൽ ആണ് സിനിമയുടെ സംവിധാനം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ആട് 3 എത്തുന്നത്
ടൈം ട്രാവൽ ഉൾപ്പെടെ പ്രമേയമാകുന്ന ആട് 3 നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ്.
ജയസൂര്യയ്ക്കൊപ്പം വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത് അഖിൽ ജോർജാണ്.
Movies
നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി "എച്ച്ടി5' ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായെത്തിയ പരോളിന്റെ സംവിധായകൻ ശരത് സന്ദിത് ആണ് ഈ ചിത്രം ഒരുക്കുന്നത്.
ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു.
പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
"മാർക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖം സാൻഡ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ: അഡ്വ: ഇർഫാൻ കമാൽ, ഛായാഗ്രഹണം: ഗണേഷ് രാജ്വേൽ, സംഗീതം: എൽവിൻ ജോഷ്വ, എഡിറ്റിംഗ്: ടി.എസ്. ജെയ്, കലാസംവിധാനം: ബോബൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യം ഡിസൈൻ: റോസ് റെജീസ്, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്.
Movies
ഷെയിൻ നിഗം നായകനായ സ്പോർട്സ് ആക്ഷൻ സിനിമ ബൾട്ടി ഒടിടി പ്രദർശനത്തിനെത്തുന്നു. ജനുവരി ഒൻപതിന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും ഉണ്ണി ശിവലിംഗമാണ്. എസ്ടികെ ഫെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
കേരള-തമിഴ്നാട് അതിർത്തിയിൽ കബഡിയുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റബർ 26 നായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.
പഞ്ചമി റൈഡേഴ്സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥയ്ക്കൊപ്പം അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്‍ട്ടി.
സായ് അഭ്യങ്കർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ. പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് .എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍.
Movies
നവാഗതനനായ ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം സംഭവം അധ്യായം ഒന്ന് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അസ്കര്‍ അലി, വിനീത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
അസ്കര്‍ അലി, വിനീത് കുമാർ എന്നിവര്‍ക്ക് പുറമേ സിദ്ധാർഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. പിആര്‍ഒ വാഴൂർ ജോസ്.
Movies
തുളുനാട്ടിൽ നിന്നു കള്ളപ്പയറ്റ് പഠിച്ചിട്ട് വന്ന കള്ള ബടുവാ. ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്, ഈ കൊട്ടാര വളപ്പിൽ നിന്ന്, ഈ ടെറിട്ടറിയിൽ നിന്ന്...’ ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ അങ്കച്ചേ കവനായി വേഷമിട്ടു നിന്ന് ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ആണിത്.
അങ്കച്ചുവടുകൾ അറിയാത്ത ജഗതി (ആരോമലുണ്ണി) ശരിക്കും അങ്കം അറിയുന്ന ആളോട് തോൽക്കുന്ന നേരമാണ് ജഗതിയുടെ ഈ ഡയലോഗ്. വാളും പരിചയും കൈകാര്യം ചെയ്യാൻ അറിയുന്ന ‘സേനാനി' ജഗതിയെ തുറിച്ചു നോക്കുമ്പോൾ ദയനീയമായി ജഗതി പറയുന്നു - ‘പോടെ'.. ഒറിജിനൽ ജഗതി സ്റ്റൈലിൽ തന്നെ.
1987 പുറത്തുവന്ന മോഹൻലാൽ നായകനായ ഈ പൊളിറ്റിക്കൽ ത്രില്ലറിലെ ജഗതി സംഭാഷണം പുതിയ കാലത്തെ ടെക്കികൾ ‘പയറ്റുന്നുണ്ട്'എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ഐടി കമ്പനിയിലെ യുവ എഞ്ചിനീയറുടെ വാക്കുകൾ കേൾക്കാം.
"ഞങ്ങളുടെ മാനേജർ കുറച്ച് ഹ്യൂമർ സെൻസുള്ള ആളാണ്. ജോലിക്കാര്യത്തിൽ കാർക്കശ്യം ഉണ്ടെങ്കിലും ഇടയ്ക്ക് ചില ജഗതി ഡയലോഗുകൾ പറയാറുണ്ട്. പ്രോജക്ട് കാര്യത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഭൂമിയിലെ രാജാക്കൻമാരിലെ ജഗതി ശ്രീകുമാറിനെ പ്പോലെ മുഖം മാറ്റി അദ്ദേഹം പറയും.. ‘ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്..' ജോലിയുടെ സമ്മർദം എല്ലാം മറന്നു ഞങ്ങൾ എൻജിനിയർമാരെല്ലാവരും ഒന്നിച്ച് ചിരിക്കാറുണ്ട്.
1974 ൽ കന്യാകുമാരി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്തെത്തിയ ജഗതി ശ്രീകുമാർ മലയാള സിനിമയുടെ ഹാസ്യ മുഖം തന്നെ മാറ്റിമറിച്ചു. പകരം വയ്ക്കാനില്ലാത്ത ഈ നടൻ അറിയുന്നുണ്ടാവുമോ എത്ര ആഴത്തിലാണ് താൻ തലമുറകളെ സ്വാധീനിച്ചതെന്ന്, ഇന്നും സ്വാധീനിക്കുന്നത് എന്നും.
മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ജഗതിയുടെ പല ഉഗ്രൻ ഡയലോഗുകളും. യോദ്ധ എന്ന ചിത്രത്തിലെ "കുട്ടിമാമാ ഞാൻ ഞെട്ടി മാമ’ ഇന്നത്തെ ചെറുപ്പക്കാർ സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗ് ആണ്. ഐടി മേഖലകളിലെ ജോലി സമ്മർദം കുറയ്്ക്കാ നും ഇതു പോലുള്ള ജഗതി സംഭാഷണ ങ്ങളും വലിയ പങ്കാണു വഹിക്കുന്നത് എന്ന സത്യം അടിവരയിട്ടുതന്നെ പറയണം.
പല പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന യുവാക്കൾ തങ്ങളുടെ തെറ്റ് മേലുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോൾ "ഇത് എന്റെ ഗർഭം അല്ല’ എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്.
ഇതുപോലെ മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജയകൃഷ്ണന്റെ പല രസകരമായ സംഭാഷണങ്ങളും പുതിയ കാലത്ത് എടുത്തു പ്രയോഗിക്കാറുണ്ടത്രേ.. "വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി... ' എന്ന് ആവർത്തിച്ചാവർത്തിച്ച് ഉള്ള ജഗതിയുടെ തമിഴ് ഡയലോഗും ഏറെ പ്രചാരത്തിൽ ഉള്ളതാണ്. പ്രത്യേകിച്ചും യുവ കാമുകന്മാർക്കിടയിൽ!
ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികൾ നടത്താറുള്ള ചില ആഘോഷങ്ങളിൽ ഒരു ടീമിന്റെ പ്രകടനം വേണ്ടവിധത്തിൽ വിജയിച്ചില്ലെങ്കിൽ ജഗതിയുടെ ഡയലോഗ് ഇറക്കുമതി ചെയ്യും. യോദ്ധയിലെ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം..' ‘മത്സരം അടുത്ത വർഷവും ഉണ്ടല്ലോ' തുടങ്ങിയ അപ്പുക്കുട്ടന്റെ പ്രത്യാശയാണ് ഐടി ജീവനക്കാർ ഈ സന്ദർഭങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
മീശ മാധവൻ എന്ന ചിത്രത്തിലെ കൃഷ്ണവിലാസം ഭഗീരഥൻപിള്ള എന്ന കർക്കശക്കാരന്റെ ചില വഴിവിട്ട കഥകളും പ്രേക്ഷകർ എന്നേ ഏറ്റെടുത്തു കഴിഞ്ഞു. പട്ടാളക്കാരൻ പുരുഷുവിനെ കാണുമ്പോൾ നുഴഞ്ഞു കയറുന്ന ജഗതി.."പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന് പറയുന്നത് ചെറുപ്പക്കാർ എടുത്ത് അലക്കുന്ന ഒന്നാണ്.
ഓഫീസിൽ മാത്രമല്ല കുടുംബങ്ങൾക്കുള്ളിലും ജഗതി സംഭാഷണങ്ങൾ പ്രയോഗത്തിൽ വരുന്നുണ്ട്. എന്തെങ്കിലും കാര്യത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാവുമ്പോൾ "ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്... "എന്ന ജഗതി മനോഹരമാക്കിയ എസ്ഐ പീതാംബരന്റെ വാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നവരുണ്ട്.
വർഷങ്ങളായി പ്രായഭേദമന്യേയുള്ളവർ പറയുന്നതാണ് പ്രിയദർശന്റെ അരം+ അരം= കിന്നരത്തിലെ "ജോസഫേ കൊച്ചിന് മലയാളം അറിയാം’ എന്ന ഒരു പ്രത്യേക സ്ലാങ്ങിലെ ജഗതിയുടെ പ്രതികരണം. വർക്ക് ഷോപ്പ് മുതലാളിയായ മനോഹരനായി എത്തുന്ന ജഗതി ശ്രീകുമാറും പണിക്കാരും ച്ചേർന്ന് മാലയുടെ (പൂജ സക്സേന) കാർ ഒരു ‘തീരുമാനം' ആക്കുന്നുണ്ട്.
ശേഷം ജഗതി ദൈന്യതയോടെ പറയുന്ന "ഞാൻ പണി അറിയാവുന്ന ആരെയെങ്കിലും വിളിച്ചോണ്ട് വന്ന് ഇത് ശരിയാക്കിത്തരാം’ എന്ന ആശ്വാസ വാക്കുകളും പല ഓഫീസുകളിലും ജീവനക്കാർ ‘തടി തപ്പാനായി ' പറയുന്നതാണ്!
ഇനി ജഗതിയുടെ ഇംഗ്ലീഷ് ഡയലോഗുകളുടെ കഥ എടുക്കാം... ശ്രീനിവാസൻ തിരക്കഥ രചിച്ച അരം.+അരത്തിലെ "വി ആർ ഡൂയിംഗ് എ കാർ "എത്രയോ കാലമായി മലയാളികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളും ജഗതിയുടെ ഇംഗ്ലീഷ് ശൈലി അനായാസേന പറയുന്നുണ്ട് എന്നതും ഏറെ കൗതുകകരം.
1976 ൽ റിലീസായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ജഗതിയുടെ ഇടതടവില്ലാത്ത ‘ഇംഗ്ലീഷ്' സൂപ്പർ ഹിറ്റ് തന്നെ. "യു വിൽ നോട്ട് സി എനി മിനിറ്റ് ഓഫ് ദി ടുഡേ.. " കൈയിൽ വാക്കിംഗ് സ്റ്റിക്കും പിടിച്ച് നിൽക്കുന്ന ജഗതിയുടെ സർദാർ കൃഷ്ണക്കുറുപ്പ് ആക്രോശിക്കുകയാണ്..."ഗെറ്റ് ഔട്ട് ഹൗസ് "എന്ന് ശ്രീനിവാസനെ(എം.എ. ധവാൻ) നോക്കി ഗർജിക്കുന്ന രംഗവും എങ്ങനെ മലയാളികൾ മറക്കാനാണ്!
കേരളത്തിൽ ഒരു തരംഗം തീർത്ത ചിത്രമായ കിലുക്കത്തിലെ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ പല സംഭാഷണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്. എന്തിനധികം നിശ്ചലിന്റെ ഹിന്ദി ഭാഷ, ഹിന്ദി അക്ഷരമാല പോലും പഠിച്ചിട്ടില്ലാത്തവർക്കും അറിയാം. മുച്ചേ മാലും നഹിം.. എന്ന ജഗതിയുടെ ദീനാലാപം കേട്ട് ഇന്നും ലോകമെമ്പാടുമുള്ള മലയാളികൾ ചിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് ജഗതി കോമഡി രംഗങ്ങൾ ഉണ്ട്. പഴയകാല കോമഡി, പുതിയകാല കോമഡി,ഹിന്ദി - ഇംഗ്ലീഷ് എന്നിങ്ങനെ വേർതിരിച്ചുള്ള രംഗങ്ങളും യഥേഷ്ടം. വാട്സാപ്പ് സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്ന കോമഡികളും ഉണ്ട്.
‘ജഗതി ചിരിപ്പിച്ച് ചിരിപ്പിച്ച് വശം കെടുത്തുന്ന കോമഡികൾ' എന്നിങ്ങനെയുള്ള പേരുകളിലെ വീഡിയോകളും വലിയ പ്രചാരത്തിലുണ്ട്.
ഫ്രണ്ട്സ് എന്ന ചിത്രത്തിലെ ലാസർ ഇളയപ്പനും ശമ്പളമില്ലാത്ത അപ്രന്റീസുകളും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ചിരിപ്പിച്ചു വശം കെടുത്തുന്നു! നന്ദനത്തിലെ കുമ്പിടിയുടെ കൂടു വിട്ടു കൂടു മാറ്റവും ‘ഗ്ലാനിർ ഭവതി ഭാരത..' എന്ന സംസ്കൃത ഭാഷയിലെ അനുഗ്രഹവും വൈറലാണ്.
ഇങ്ങനെ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തതാണ് അനന്തമായ ജഗതി ഹാസ്യം. കാമറ ആക്ഷൻ പറയുമ്പോൾ മാത്രമായിരുന്നു ജഗതി ഇങ്ങനെ ഹാസ്യ രാജാവായി മാറിയിരുന്നത് എന്നു മാത്രം. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോലും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന ഗൗരവ പ്രകൃതക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
പ്രസംഗ വേദികളിലും അഭിമുഖങ്ങളിലും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയവും സിനിമാരംഗത്തെ അപചയങ്ങളും വിവേചനങ്ങളും തുറന്നു പറഞ്ഞിരുന്നു ജഗതി ശ്രീകുമാർ. ആഴമുള്ള കഥാപാത്രങ്ങളെ പൂർണ മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന അതുല്യ നടനാണ് ജഗതി ശ്രീകുമാർ. ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകർ പക്ഷേ, ജഗതിയെ അറിഞ്ഞത് വെള്ളിത്തിരയിൽ കണ്ട ആയിരക്കണക്കിന് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്.
ഈ ജനുവരി അഞ്ചിന് ജഗതി ശ്രീകുമാർ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോ ഷിച്ചു. 2012 ൽ സംഭവിച്ച കാർ അപകടത്തെ തുടർന്ന് സംസാരിക്കാൻ കഴിയാതെ, വിശ്രമ ജീവിതത്തിലാണ് അധികവും താരം. എങ്കിലും ജഗതി ഇന്നും മലയാളത്തെ മുഴുവൻ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു...
Movies
ദ്യശ്യം 3 ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്.
രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്.
"ദ്യശ്യം 3' ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
Movies
വവ്വാൽ എന്ന സിനിമയിലെ മകരന്ദ് ദേശ്പാണ്ഡെയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.
ഷഹ്മോൻ ബി. പറേലിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിംഗ് , ലെവിൻ സൈമൺ, മുത്തു കുമാർ, ലക്ഷ്മി ചപോർക്കർ, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, പ്രവീൺ ടി ജെ, മെറിൻ ജോസ്, ഗോകുലൻ, മൻരാജ്, ജോജി കെ. ജോൺ, ഷഫീഖ് , ജയശങ്കർ കരിമുട്ടം, ശ്രീജിത്ത് രവി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ഓൺഡിമാൻഡ്സിന്റെ ബാനറിൽ ഷാമോൻ പി.ബി. നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.
ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പിബിഎസ്, സുധാംശു, റീ റെക്കോർഡിംഗ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പിആർഒ – എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആൻഡ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.
Movies
അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി.
റിയാസ് ഖാന്, ദേവന്, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പില്‍ അശോകന്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്റഫ് ഗുരുക്കള്‍, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ, ലിഷോയ്, ദീപക് ധര്‍മടം ,ഭദ്ര, അംബിക മോഹന്‍, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, പാര്‍വണ തുടങ്ങിയവർ അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വഹിക്കുന്നു. നിര്‍മാതാവ് സുധീര്‍ സി.ബി തന്നെ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര, രാഹുൽ പണിക്കർ എന്നിവര്‍ സംഗീതം പകരുന്നു.
ശ്രീനിവാസ്, എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷറഫു കരൂപ്പടന്ന, കല- ഷിബു അടിമാലി, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്‍- നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ, സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്ട്രോളര്- ബാബു ശ്രീധര്‍, രമേഷ്, ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഇനിയും ഉടൻ പ്രദർശനത്തിനെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.
Movies
ചലചിത്ര സംവിധായകൻ പി.എം. ബെന്നി (94) അന്തരിച്ചു. 1977-ൽ ശ്രീവിദ്യ, എം.ജി. സോമൻ, റാണി ചന്ദ്ര, സുധീർ, കെപിഎസി സണ്ണി എന്നിവർ അഭിനയിച്ച മുഹൂർത്തങ്ങൾ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ. കരുണാണ് ഈ ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. ചലച്ചിത്ര സംവിധായകനും വിഖ്യാത ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ ഭാര്യാസഹോദരനായ പി.എം. ബെന്നി, വിൻസെന്റ് മാഷിന്റെ ധാരാളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
തുലാഭാരം എന്ന സിനിമയിലെ "കാറ്റടിച്ചു കൊടും കാറ്റടിച്ചു' എന്ന ഗാനരംഗത്ത് അദ്ദേഹം മത്സ്യത്തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്.
Movies
2025 കല്യാണിയുടെ വർഷമായിരുന്നെങ്കിൽ 2026 നിവിൻ പോളി കീഴടക്കുമെന്നാണ് ചലച്ചിത്ര ലോകത്തുനിന്നുള്ള റിപ്പോർട്ട്. യൂത്ത്സ്റ്റാർ നിവിന്‍ പോളി ആദ്യമായി 100 കോടി ക്ലബില്‍ പ്രവേശിച്ചിരിക്കുകയാണ്. അഖില്‍ സത്യന്റെ സംവിധാനത്തിലൊരുങ്ങിയ ഹൊറര്‍ കോമഡി ചിത്രം 10 ദിവസം കൊണ്ടാണ് 101 കോടിയിലേറെ ആഗോള കളക്ഷന്‍ നേടിയത്.
നിവിന്‍ പോളിയുടെ കരിയറില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായി മാറി "സര്‍വം മായ'. പത്താം ദിവസം നൂറു കോടി പിന്നിട്ട സര്‍വം മായ, ആഴ്ചകള്‍ക്കുള്ളില്‍ ലോകയുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ഓൺലൈൻ ബുക്കിംഗ് സൂചിപ്പിക്കുന്നത്.
ചിത്രം ആഗോള തലത്തില്‍ 8.25 കോടിയാണ് ആദ്യദിനം നേടിയത്. ആഴ്ചാവസാനം 45.25 കോടി നേടി. വെള്ളിയാഴ്ച 11 കോടിയുമായി രണ്ടാം ആഴ്ചയിലേക്ക് കടന്നു. രണ്ടാം ശനിയാഴ്ച ഏകദേശം 11 കോടി നേടിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം വന്‍ തിരക്കാണ് 11 ദിവസത്തിലും കാണാനാകുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 101.85 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍. ചരിത്രത്തിലാദ്യമായി, 100 കോടി ക്ലബിലെത്തുന്ന മലയാളത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ ചിത്രമായി സര്‍വം മായ. വെറും 10 ദിവസംകൊണ്ടാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്.
സര്‍വം മായയുടെ ദിവസം തിരിച്ചുള്ള ബോക്സ് ഓഫീസ് കണക്ക്
1 - 8.25 കോടി
2 - 10.75
3 - 13.25
4 - 13.00
5 - 7.85
6 - 8.00
7 - 6.75
8 - 11.00
9 - 11.00
10 - 12.00
ആകെ 101.85 കോടി.
2025 മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായിരുന്നെങ്കില്‍ 2026 അതിലും വലിയ ഹിറ്റ് സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 3 റിലീസിനുമുമ്പുതന്നെ 300 കോടി രൂപയുടെ നേട്ടം കൈവരിച്ചു കഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയും ആഗോള ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ.
Kerala
ആലപ്പുഴ: ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. വീണ് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായിരുന്നു.
ഇതേ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. ആലപ്പുഴ പുന്നപ്ര സ്വദേശിയായ അപ്പച്ചൻ ഉദയ സ്റ്റുഡിയോ 1965ൽ നിർമിച്ച ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷത്തിലൂടെ ശ്രദ്ധനേടി. അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ അടൂരിന്റെ തുടർന്നുള്ള ചിത്രങ്ങളിലും അഭിനയിച്ചു.
വില്ലൻ കഥാപാത്രങ്ങളിലും ക്യാരക്ടർ റോളുകളിലും മികവ് പുലർത്തിയിരുന്ന അപ്പച്ചൻ മലയാളത്തിലെ മിക്ക സൂപ്പർതാര ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. കന്യാകുമാരി, പിച്ചിപ്പൂ, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Movies
ശക്തമായ പ്രമേയങ്ങളും പുതിയ തിരക്കഥകളും കൊണ്ട് മലയാളസിനിമയെ ഇന്ത്യൻ ആസ്വാദകരിലേയ്ക്ക് എത്തിച്ച വർഷമായിരുന്നു 2025. എന്നാൽ മലയാളത്തിലിറങ്ങിയ 185ൽ 150 ചിത്രങ്ങളും പരാജയമായിരുന്നുവെന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്ക്.
മലയാള സിനിമയ്ക്ക് ഏറെ നഷ്ടം സംഭവിച്ച ഒരു വര്‍ഷമാണ് കടന്നു പോയതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസും പറഞ്ഞു. 530 കോടിയുടെ നഷ്ടം സംഭവിച്ച വര്‍ഷമാണിതെന്ന് ഫിലിം ചേംബര്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രസ്താവനയില്‍ പറഞ്ഞ കണക്ക് മലയാള സിനിമകളുടെ തിയേറ്റര്‍ കളക്ഷനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് അനില്‍ തോമസ് ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഒൻപത് സൂപ്പര്‍ ഹിറ്റുകളും 16 ഹിറ്റുകളുമടക്കം ആകെ 35 സിനിമകള്‍ക്ക് മാത്രമാണ് മുടക്കുമുതല്‍ തിരിച്ച് കിട്ടിയിട്ടുള്ളുവെന്ന് പറഞ്ഞ അനിൽ സിനിമകളുടെ പേരുവിവരങ്ങൾ വ്യക്തമാക്കിയില്ല. അത് പുറത്തുവിടേണ്ടത് നിര്‍മാതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയിച്ച സിനിമകളുടെ പേര് പുറത്തുവിടേണ്ടത് നിര്‍മാതാക്കളാണ്. ഈ സിനിമ ഇത്ര കളക്ഷന്‍ നേടി എന്ന് പോയിന്റ് ചെയ്തല്ല, ഒരു അവലോകനമായാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങളുടെ കണക്ക് പ്രകാരം 35 ഓളം പടങ്ങള്‍ ലാഭമായിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ഏതാണ് എന്നൊന്നും അറിയില്ല. 35 ഓളം പടങ്ങള്‍ക്ക് മാത്രമാണ് മുടക്കുമുതല്‍ തിരിച്ചു കിട്ടിയത്. 150 ഓളം പടങ്ങള്‍ക്ക് നഷ്ടം സംഭവിച്ചു.
എട്ട് റീ റിലീസുകളില്‍ ലാഭം നേടിയത് ഛോട്ടാ മുംബൈ, വടക്കന്‍ വീരഗാഥ, രാവണപ്രഭു എന്നീ സിനിമകളാണ്. അതേസമയം, 360 കോടിയാണ് ഈ വര്‍ഷത്തെ നഷ്ടം എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്തുവിട്ട വിവരം ഒരു ഉദ്ദേശകണക്ക് മാത്രമായിരുന്നു. അനിൽ തോമസിന്റെ വാക്കുകൾ ഇങ്ങനെ.
ഫിലിം ചേംബര്‍ പുറത്തുവിട്ട കുറിപ്പിന്റെ പൂർണരൂപം
185-ഓളം പുതിയ ചിത്രങ്ങളാണ് 2025-ൽ തിയറ്ററില്‍ റിലീസ് ചെയ്തത്. ഈ സിനിമകള്‍ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവര്‍ഷത്തില്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും. അതില്‍ ഒന്‍പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങള്‍ ഹിറ്റ് എന്ന ഗണത്തിലും, തിയറ്റര്‍ വരുമാനംലഭിച്ചകണക്കുകള്പ്രകാരം വിലയിരുത്താം.
കൂടാതെ തിയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങള്‍ കൂടി മുടക്ക് മുതല്‍ തിരികെ ലഭിച്ചതായി കണക്കാക്കാം. 150-ഓളം ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതല്‍ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടി നഷ്ടം സംഭവിച്ച വര്‍ഷമാണ് 2025.
2025- ല്‍ റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും എട്ട് പഴയ മലയാള ചിത്രങ്ങള്‍ റീ റീലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചത്.
2025-നെ സംബന്ധിച്ച് ഇന്‍ഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിന്റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്തമായ പ്രമേയങ്ങളാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026 സംബന്ധിച്ചിടത്തോളം ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ.
Leader Page
കഴിഞ്ഞ കാൽനൂറ്റാണ്ട് മലയാളസിനിമയെ സംബന്ധിച്ച് പൊളിച്ചെഴുത്തിന്റേതായിരുന്നു. എല്ലാ അർഥത്തിലും സമൂലമായ പരിവർത്തനത്തിലൂടെയാണ് നമ്മുടെ സിനിമ കടന്നുപോയത്. കാലം മാറിയപ്പോൾ കഥ മാത്രമല്ല സിനിമയുടെ സമസ്തമേഖലകളിലും മാറ്റം ദൃശ്യമായി.
കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കൾ, സംഗീതം, നിർമാണം, തീയറ്റർ വ്യവസായം, ടെക്നോളജി തുടങ്ങിയ എല്ലാ മേഖലകളിലും ഉണ്ടായത് വിപ്ലവകരമായ മാറ്റങ്ങൾ. ജയരാജ് സംവിധാനം ചെയ്ത മില്ലെനിയം സ്റ്റാർസ് ആണ് ഈ നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഏറ്റവും ഒടുവിൽ നിവിൻ പോളി- അജു വർഗീസ് ടീമിന്റെ സർവം മായയും. ഇതിനിടയിലുള്ള 25 വർഷങ്ങളിലെ മാറ്റങ്ങൾ ചലച്ചിത്ര വിദ്യാർഥികളെയും സിനിമാപ്രേമികളെയുമെല്ലാം ഒരുപോലെ അന്പരപ്പിക്കുന്നതാണ്.
തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാളസിനിമ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. സൂപ്പർതാരചിത്രങ്ങൾ പോലും ഫ്ലോപ് ആകുന്ന അവസ്ഥ. തീയറ്റുകൾ ഒന്നൊന്നായി പൂട്ടുന്ന കാലം. ഷക്കീല എന്ന മാദകനടിയുടെ ഗ്ലാമർ സിനിമകൾ മാത്രം ബോക്സോഫീസിൽ വിജയിച്ച ഈ കാലത്തിൽനിന്ന് രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങൾ പിന്നിട്ടപ്പോൾ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഷക്കീല തരംഗം പെട്ടെന്ന് അസ്തമിച്ചു. പുതിയ ചെറുപ്പക്കാർ സിനിമയുടെ പുത്തൻ ട്രെൻഡുകളുമായി രംഗത്തുവരാൻ തുടങ്ങി. അതോടെ പ്രതിസന്ധിയിൽനിന്ന് ഉണർന്ന് സിനിമ പുതിയ മേഖലകളിലൂടെ സഞ്ചരിച്ചു തുടങ്ങി.
മാറ്റത്തിന്റെ വിത്തുകൾ
തൊണ്ണൂറുകളുടെ ഹാങ്ഓവറിലായിരുന്നു രണ്ടായിരത്തിന്റെ തുടക്കത്തിൽ മലയാളസിനിമ. ജയരാജ് സംവിധാനം ചെയ്ത് 2004ൽ എത്തിയ ഫോർ ദ പീപ്പിളാണ് മാറ്റത്തിന്റെ തുടക്കമിട്ടതെന്നു പറയാം. പുതുമുഖങ്ങളെ പരീക്ഷിച്ച് വ്യത്യസ്തമായൊരു കഥാതന്തുവുമായി വന്ന ഫോർ ദ പീപ്പിൾ വൻ വിജയമായി.
അതുവരെ താരസമവാക്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച സിനിമാക്കാർ പുതിയ വഴികൾ തേടാൻ തുടങ്ങി. ഗാനരചനയിലും സംഗീതത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും ഈ ചിത്രത്തിനു കഴിഞ്ഞു. ജാസി ഗിഫ്റ്റ് പാടിയ ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ... എന്ന ഗാനം ഇപ്പോഴത്തെ സിനിമാ റാപ്പ് സംഗീതത്തിന് തുടക്കമിടുകയായിരുന്നു.
2010നു ശേഷം
2011ൽ എത്തിയ സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്. എഴുത്തിന്റെ രീതി, ആഖ്യാനം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയില്ലെല്ലാം പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിച്ച ചിത്രമായിരുന്നു സോൾട്ട് ആൻഡ് പെപ്പർ. ആഷിക് അബു എന്ന യുവസംവിധായകനാണ് ഈ ചിത്രമൊരുക്കിയത്. തുടർന്നു വന്ന ചാപ്പാകുരിശ്, ട്രാഫിക്, പ്രേമം, ഉസ്താദ് ഹോട്ടൽ, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾ ന്യൂവേവ് സിനിമകൾക്ക് ശക്തി പകർന്നു. ഇതോടെ ന്യൂജനറേഷൻ സിനിമകൾ എന്ന വിളിപ്പേരും ഇത്തരം സിനിമകൾക്കുണ്ടായി.
തിരക്കഥയിലെ വിപ്ലവം
നാടകീയത ലവലേശമില്ലാതെ പൂർണമായും മണ്ണിലേക്ക് ഇറങ്ങിവന്ന തിരക്കഥകൾ. തിരക്കഥാരചനയിലെ അടിസ്ഥാന സ്വഭാവങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല. പ്രേക്ഷകന് ആകാംക്ഷ വളർത്തുന്ന രീതിയിൽ തന്നെയാണ് അന്നും ഇന്നും കഥ പറയുന്നത്. എന്നാൽ വിഷ്വലുകളുടെ കാര്യത്തിൽ ഏറെ മാറ്റങ്ങൾ വന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ സംഭാഷണങ്ങളെ കൂടുതൽ ആശ്രയിക്കാതെയായി. കഥ പറച്ചിലിൽ ദൃശ്യഭാഷയ്ക്ക് കൂടുതൽ പ്രാമുഖ്യം വന്നു. ആലങ്കാരികത തീരെയില്ലാത്ത സംഭാഷണങ്ങളും നാടൻ ശൈലികളും പ്രത്യേകതകളായി.
‘ജെൻഡർ പൊളിറ്റിക്സ്’, ‘പൊളിറ്റിക്കൽ കറക്ട്നസ്’ തുടങ്ങിയ പദങ്ങൾ സിനിമയിലും കടന്നുവന്നു. സ്ത്രീവിരുദ്ധത പറഞ്ഞ് കൈയടി നേടുന്ന നായക കഥാപാത്രങ്ങളൊക്കെ അപ്രത്യക്ഷമായി. ജാതി, നിറം, ലിംഗം, രൂപം തുടങ്ങിയവ പണ്ട് സിനിമയിൽ തമാശയും ആക്ഷേപവും സൃഷ്ടിച്ചിരുന്നെങ്കിൽ ഇന്ന് അതെല്ലാം പൊളിറ്റിക്കൽ കറക്ട്നസിന്റെ പരിധിയിലായി. വള്ളുവനാട്ടിൽനിന്ന് സിനിമയിലെ കഥാപാത്രങ്ങൾ കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും പറിച്ചുനട്ടപ്പെട്ടു. ഓരോ പ്രദേശത്തിന്റെയും ഭാഷകൾ സിനിമ സംസാരിച്ചു തുടങ്ങി. ദളിത്, സ്ത്രീപക്ഷ സിനിമകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു.
പുത്തൻ താരോദയങ്ങൾ
മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം, ദിലീപ് തുടങ്ങിയവരിലൂടെ ഭ്രമണം ചെയ്ത മലയാളസിനിമയിൽ ഒട്ടേറെ പു
Movies
2025 നിവിൻ പോളിയുടെ നിശബ്ദവർഷമാണ് എന്നു പറയാം. ഈ വർഷത്തെ ആദ്യ സിനിമ വ്യാഴാഴ്ച റിലീസ് ആകുകയാണ് സർവം മായ. അഖിൽ സത്യൻ ആണ് സംവിധാനം.
അതേസമയം, 2025 നിവിൻ പോളിയുടെ ആദ്യ വെബ്സീരിസിനും സാക്ഷിയായി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്ന ഫാർമ- വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.
വിവിധ ഭാഷകളിൽ ഫാർമ കാണാം. നിവിന്‍ പോളിയുടെ ആദ്യ ഒടിടി പരമ്പര സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ രംഗത്തെ പിന്നാമ്പുറക്കഥകളാണ് ഫാര്‍മയുടെ ഇതിവൃത്തം.
മലയാളപ്രേക്ഷകര്‍ക്ക് ആദ്യമായാണ് ഒരു മെഡിക്കല്‍ ത്രില്ലര്‍ പരമ്പര. പി.ആര്. അരുണ്‍ സംവിധാനം ചെയ്ത പരമ്പരയെക്കുറിച്ച് വലിയ പ്രതികരണങ്ങളാണു ലഭിക്കുന്നത്. മെഡിക്കല്‍ രംഗത്തു ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിവിൻ പറഞ്ഞത്
ഞാന്‍ മുമ്പ് വെബ്സീരീസ് ചെയ്തിട്ടില്ല. നിരവധി കഥകള്‍ കേട്ടിരുന്നു. ഫാര്‍മ-എന്ന പ്രോജക്ട് വന്നപ്പോള്‍ എനിക്കു വ്യത്യസ്തമായി തോന്നി. ഇതുവരെ പറയാത്ത കഥ. കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന കഥയാണ് ഫാര്‍മ കൈകാര്യം ചെയ്യുന്നത്.
കഥ കേട്ടപ്പോള്‍, എന്റെ കുട്ടികള്‍ക്ക് ഇത് സംഭവിച്ചാലോ എന്നു തോന്നി. ഇതു വെറുമൊരു പരമ്പരയോ വിനോദമോ അല്ല, മറിച്ച് വലിയ സത്യങ്ങളുടെ തുറന്നുകാട്ടലാണ്.
എല്ലാ ക്രെഡിറ്റും സംവിധായകന് പി.ആര്. അരുണിനാണ്. കാരണം ഫാര്‍മ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹം മുമ്പ് മെഡിക്കല്‍ റെപ്രസെന്റേറ്റിവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു, പക്ഷേ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം ഈ കഥ തെരഞ്ഞെടുത്തത്.
മഹാമാരിയുമായുള്ള ഏറ്റുമുട്ടലിനുശേഷം, മെഡിക്കല്‍ ത്രില്ലര്‍ പ്രേക്ഷകരുമായി സംവദിക്കാന്‍ എളുപ്പമാണ്. മാധ്യമങ്ങളില്‍ കാണുന്നതുപോലെ കോവിഡ് വാക്സിനുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു വലിയ ചര്‍ച്ച നടക്കുന്നുണ്ട്.
ചിലര്‍ വാക്സിന് എടുക്കേണ്ടിയിരുന്നില്ല എന്നും നമ്മള് സ്വയം നന്നായി ശ്രദ്ധിച്ചാല്‍ മതിയായിരുന്നെന്നും പറയുന്നു. ഇതിനെക്കുറിച്ച് നിരവധി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനാല്‍, ഫാര്‍മ ശരിയായ സമയത്താണ് വന്നതെന്ന് ഞാന്‍ കരുതുന്നു. നിവിന്‍ പറഞ്ഞു.
യുവതലമുറ സംവിധായന് അഖില്‍ സത്യന്റെ ക്രിസ്മസ് റിലീസായി സര്‍വം മായ പ്രദര്‍ശനത്തിനെത്തും. ഹൊറര്‍ കോമഡി ചിത്രം വലിയ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
സര്‍വം മായ ഒരു പുതിയ ശ്രമമാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും നിവിന്‍ പറഞ്ഞു. 2026ല്‍ നിവിന്‍ പോളിക്ക് ആറു സിനിമകളാണുള്ളത്. ചിത്രീകരണത്തിരക്കുകളിലാണ് താരമിപ്പോൾ.
Movies
സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ഹിറ്റുകളും ഇടംപിടിച്ച വർഷമായിരുന്നു മലയാളസിനിമയ്ക്ക് 2025. തിയറ്ററുകളിൽ റിക്കാർഡ് കളക്ഷനിട്ട ചിത്രങ്ങളുണ്ടായിട്ടും മലയാളസിനിമയ്ക്ക് വന്നത് 360 കോടിയുടെ നഷ്ടമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രഥമിക കണക്ക്.
183 ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്തത്. ഇതിൽ ആറു ചിത്രങ്ങൾ ഇനി ഇറങ്ങാനുള്ളതാണ്. മോഹൻലാൽ ചിത്രം വൃഷഭ, നിവിൻപോളി ചിത്രം സർവം മായ, ഷെയ്ൻ നിഗം ചിത്രം ഹാൽ, ഉണ്ണി മുകുന്ദൻ ചിത്രം മിണ്ടിയും പറഞ്ഞും നരേയ്ൻ നായകനാകുന്ന ആഘോഷം തുടങ്ങി ആറു സിനിമകൾ കൂടി ഇറങ്ങുമ്പോൾ 189 ചിത്രങ്ങളാകും ഈവർഷം ഇറങ്ങിയ പട്ടികയിൽ ഉൾപ്പെടുക.
ഇതിൽ ഒൻപതെണ്ണം സൂപ്പർ ഹിറ്റുകളും ആറെണ്ണം ഹിറ്റുകളും ആയിട്ടുണ്ട്.
ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫിസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം, കളങ്കാവൽ എന്നിവയാണ് സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്.
എക്കോ, പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊൻമാൻ, പടക്കളം, ബ്രോമാൻസ് എന്നിവയാണ് ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങൾ.
അതേസമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളാണെന്നും ഫിലിം ചേംബര്‍ ആരോപിക്കുന്നു.
ഈ വർഷം ഇതുവരെ റിലീസായ ചിത്രങ്ങളിൽ ഏറിയ പങ്കും തിയറ്ററുകളിൽ പരാജയപ്പെട്ടെന്നും അങ്ങനെ പ്രതിസന്ധിയുള്ള മേഖലയിൽ സർക്കാർ അവഗണന സ്ഥിതി ഗുരുതരമാക്കുന്നുവെന്നുമാണ് ചേംബർ നിലപാട്.
GSTക്ക് പുറമേയുള്ള വിനോദ നികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തത് സിനിമ മേഖലയോടുള്ള കടുത്ത അവഗണനയാണെന്ന് ചേംബർ വിലയിരുത്തി.
Movies
ശ്രീനിവാസൻ മരിക്കുന്നതിന്റെ തലേദിവസം ധ്യാൻ ശ്രീനിവാസൻ തൃശൂരിൽ ഒരു സ്കൂൾ വാർഷികത്തിലായിരുന്നു. രാത്രി നടന്ന വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു താരം. ആ പ്രസംഗത്തിൽ ധ്യാൻ ഏറ്റവും കൂടുതൽ സംസാരിച്ചത് തന്റെ പിതാവിനെക്കുറിച്ചായിരുന്നു എന്നതായിരുന്നു അതിലെ യാദൃശ്ചികത.
തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം തന്റെ അച്ഛനാണ് എന്നാണ് പഴുവിൽ ഗോകുലം പബ്ലിക് സ്കൂൾ വാർഷികാഘോഷത്തിൽ ധ്യാൻ പറഞ്ഞത്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ നൽകിയ വ്യക്തി അച്ഛനാണെന്നും അദ്ദേഹത്തിന്റെജീവിതയാത്ര അതിശയിപ്പിക്കുന്നതാണെന്നും ധ്യാൻ വേദിയിൽ പറഞ്ഞിരുന്നു.
എന്നാൽ ആ വാക്കുകൾ പറഞ്ഞതിന് തൊട്ടുപിന്നാലെ അച്ഛൻ ഈ ലോകത്തോട് വിടപറയുമെന്ന് ധ്യാൻ കരുതിയിരുന്നില്ല. അച്ഛന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ ധ്യാനിന്റെ കണ്ട് മലയാളികളുടെ ഉള്ളുലഞ്ഞു.
ഒരാളുടെ ഓട്ടോബയോഗ്രഫിയാണ്, അതിൽ കുറച്ചു സാധനങ്ങളൊക്കെ ഞാൻ വായിച്ചു. നിനക്ക് പ്രചോദനം കിട്ടുവാനുള്ളത്, നമുക്ക് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വേണ്ടത് പ്രചോദനമാണ്. ഞാൻ അത് വായിച്ചപ്പോൾ കുറച്ച് മോട്ടിവേറ്റഡ് ആയി.
നമുക്ക് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് പ്രചോദനം കിട്ടും. പക്ഷെ നമുക്ക് ഏറ്റവും കൂടുതൽ പ്രചോദനം കിട്ടുന്നത് നമ്മുടെ ചുറ്റുമുള്ള ആൾക്കാരിൽ നിന്നോ നമ്മൾ കണ്ട മനുഷ്യന്മാരിൽ നിന്നോ ഒക്കെ ആയിരിക്കും. എനിക്ക് ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ കിട്ടിയത് എന്റെ അച്ഛനിൽ നിന്നാണ്. എന്റെ അച്ഛൻ പറഞ്ഞ കഥകളിൽ അദ്ദേഹം ജീവിച്ച ജീവിതമാണ്.
മലബാറിലെ തലശേരി പോലെയുള്ള സ്ഥലത്തുനിന്ന് ചെന്നൈയിൽ വന്ന്, സിനിമയിൽ വന്ന്, അവിടെ ഒരു രീതിയിലും രക്ഷപെടില്ല എന്ന് മനസിലായി അഭിനയിക്കാൻ വന്ന ഒരാളാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ ഒരു സഞ്ചാരമുണ്ട്, അത് വളരെ വലുതാണ്.
അദ്ദേഹത്തിന് ഒരു പ്രിവിലേജും ഉണ്ടായിരുന്നില്ല. എനിക്ക് എല്ലാ പ്രിവിലേജുകളും ഉണ്ട്, ഞാൻ ശ്രീനിവാസന്റെ മകനാണ്, നെപ്പോ കിഡ് ആണ്. പക്ഷെ ഇതൊന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ യാത്ര എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്.
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ പഠിക്കാനായി ചെന്നൈയിലേക്ക് വന്നപ്പോൾ, അച്ഛൻ സ്ഥിരമായി ചെന്നൈയിൽ മീറ്റിംഗുകൾക്കും പ്രോഗ്രാമുകൾക്കുമൊക്കെ പോയിരുന്നത് എപ്പോഴും ഒരു ഹോട്ടലിലാണ്. അശോക് നഗറിലെ ഗോകുലം എന്ന ഹോട്ടൽ. ഈ ഹോട്ടൽ ആരുടെയാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല.
കോടമ്പാക്കത്ത് ബ്രിഡ്ജ് കയറുന്ന സമയത്ത് വലിയ അക്ഷരത്തിൽ സൈഡിൽ എഴുതി വച്ചിട്ടുണ്ട് ശ്രീ ഗോകുലം ചിറ്റ്സ്. അച്ഛൻ ഇടയ്ക്കിടെ ഈ ഹോട്ടലിൽ പോകുന്ന സമയത്ത് ഞാൻ ആദ്യമായി അച്ഛന്റെ വായിൽ നിന്ന് ഗോകുലം ഗോപാലൻ എന്ന പേര് കേട്ടു. അച്ഛൻ അന്ന് പറഞ്ഞു ഇദ്ദേഹം നമ്മുടെ നാട്ടുകാരനാണ്, വടകരക്കാരനാണ് എന്ന്. ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Movies
ജീവിതത്തില്‍ എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിച്ച ശ്രീനിവാസന് അവസാന കുറിപ്പ് എഴുതി സംവിധായകന് സത്യന് അന്തിക്കാട്. മക്കളുടെ അഭ്യര്‍ഥനപ്രകാരമാണു ശ്രീനിവാസന്റെ ചിതയില്‍ “എന്നും എല്ലാവര്ക്കും നന്മകള് മാത്രം വരട്ടെ’’ എന്ന കുറിപ്പ് സത്യന് അന്തിക്കാട് വച്ചത്.
സിനിമയില്‍ തനിക്കു ശക്തിയായിരുന്ന സുഹൃത്തിന്റെ വിയോഗത്തില്‍ വിങ്ങിനിന്ന സത്യന് അന്തിക്കാടിനോട് ശ്രീനിവാസന്റെ ഇളയ മകന് ധ്യാന്‍, അച്ഛന് അവസാനമായി ഒരു കുറിപ്പെഴുതാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ധ്യാനിന്റെ ആഗ്രഹം സഹോദരൻ വിനീത് ശ്രീനിവാസനും അംഗീകരിച്ചതോടെ ശ്രീനിവാസന്റെ മുറിയിൽനിന്നും എടുത്ത കടലാസില്‍ സത്യന് “എന്നും എല്ലാര്ക്കും നന്മകള് മാത്രം വരട്ടെ” എന്ന കുറിപ്പെഴുതി.
മൃതദേഹത്തിനൊപ്പം ചിതയില്‍ ആ സന്ദേശവും പേനയും വച്ചാണ് തീ കൊളുത്തിയത്. ശ്രീനിവാസന്റെ മനസാണ് താന്‍ കടലാസില്‍ എഴുതിയതെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.
തന്റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനിവാസനിലൂടെയാണെന്ന് അനുശോചനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ ശ്രീനിവാസന് എഴുതാത്ത തിരക്കഥകളും അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്ട്രീയം പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. നടന് കൂടിയായതിനാല്‍ ശ്രീനിവാസനിലെ എഴുത്തുകാരനെ നാം വേണ്ടവിധം ആഘോഷിച്ചിട്ടില്ല.
ശ്രീനിവാസനെ കൂടുതല്‍ വായിക്കാനും തിരിച്ചറിയാനും പോകുന്നതേയുള്ളൂവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോാള് സത്യന് അന്തിക്കാട് കണ്ടനാട്ടിലെ ശ്രീനിയുടെ വീട്ടിലെത്തുമായിരുന്നു.
Kerala
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ദീർഘകാലമായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ.
ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
ശ്രീനിവാസനെപ്പോലെയൊരു സ്ക്രിപ്റ്റ് റൈറ്റർ ഇനി സിനിമാരംഗത്ത് ഉണ്ടാവുമോ എന്ന് സംശയിച്ചു പോകുന്നു. നിർമാതാവ്, സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, നടൻ ഇങ്ങനെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം.
എങ്കിലും ഞാൻ അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്നത് ഏറ്റവും മികച്ച കഥ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലയിലാണ്. ഇത്തരത്തിൽ അമ്പതോളം സിനിമകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. നാടോടിക്കാറ്റും പട്ടണപ്രവേശവും സന്ദേശവും അഴകിയ രാവണനും വരവേല്പും കഥ പറയുമ്പോഴും ഉദയനാണു താരവും മലയാള സിനിമാ പ്രേക്ഷകർ എങ്ങനെയാണു മറക്കുക.
അദ്ദേഹത്തിന്റെ ഏതു സിനിമ നോക്കിയാലും ആ വിഭാഗത്തിലെ ഏറ്റവും മികച്ചതുതന്നെയായിരുന്നു. അതിൽ പലതും ഹോളിവുഡിനെ വെല്ലുന്നതുമായിരുന്നു. സിനിമ ഇറങ്ങിയ സമയത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ അദ്ദേഹത്തിന്റെ സിനിമകൾ വലിയ സാമ്പത്തിക വിജയം മാത്രമല്ല, സാമൂഹ്യ വിജയം കൂടി നേടിയിരുന്നു.
സിനിമാലോകത്തിനപ്പുറത്ത് ശ്രീനിവാസന് മറ്റൊരു ലോകം കൂടിയുണ്ടായിരുന്നു. അഴിമതിവിരുദ്ധ പോരാട്ടത്തിനായി അദ്ദേഹം മുന്നോട്ടുവന്നു. അതിനായി അദ്ദേഹം എറണാകുളത്തു സംഘടിപ്പിച്ച രണ്ടു മീറ്റിംഗുകളിൽ പങ്കെടുത്തയാളാണ് ഞാൻ. എന്തുകൊണ്ടോ അദ്ദേഹം എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്നു. ""നഗരവാരിധി നടുവിൽ ഞാൻ’’എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു.
സിനിമാ സംവിധാനം പഠിക്കാൻ അതിയായി ആഗ്രഹിച്ച് ആരുടെയടുത്തുപോകുമെന്ന് ആശങ്കപ്പെട്ടിരുന്ന ഞാൻ അദ്ദേഹത്തിനോട് അഭിപ്രായമാരാഞ്ഞപ്പോൾ പറഞ്ഞത്; ആരെയെങ്കിലും സമീപി ക്കുന്നതുകൊണ്ടു കാര്യമില്ലെന്നും കുറച്ചു സമയം തരണമെന്നും ഞാൻ ശരിയാക്കിത്തരാമെന്നുമാണ്. 2022- 23 ൽ എന്നെ വിളിച്ചിട്ടു പറഞ്ഞു;""സത്യൻ അന്തിക്കാട് മകൾ എന്ന പുതിയ സിനിമ ആരംഭിക്കുകയാണ്. അദ്ദേഹം താങ്കൾക്കു സിനിമ പഠിക്കാൻ വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു തരുന്നതാണ് എന്നാണ്. അതുപോലെതന്നെ എല്ലാം നടന്നു. ഒരു മാസം ഞാൻ ആ സിനിമ സൈറ്റിൽ ഉണ്ടായിരുന്നു. ശ്രീനിവാസന്റെ സഹായംകൊണ്ടുമാത്രമാണ് അതു സാധ്യമായത് എന്ന് ഞാൻ സ്മരിക്കുന്നു.
രചനയുടെ കാര്യം പറഞ്ഞാൽ പരമ്പരാഗത രീതിയിലുള്ള രചനയായിരുന്നില്ല അദ്ദേഹത്തിന്റേതെന്നു നിസംശയം പറയാം. "മകൾ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ സത്യൻ അന്തിക്കാടു പറഞ്ഞ ഒരു കാര്യത്തിൽ നിന്നത് എനിക്കു ബോധ്യം വന്നതാണ്."നാടോടിക്കാറ്റിന്റെയും "പട്ടണപ്രവേശ’ത്തിന്റെയും ഷൂട്ടിംഗ് നടക്കുമ്പോൾ നേരത്തെ തയാറാക്കിവച്ചിരുന്ന തിരക്കഥയും സംഭാഷണവുമൊന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്ത് രാവിലെ എത്തുന്ന എന്നോട് ഇന്നെന്തൊക്കെയാണ് ചെയ്യുന്നതെന്നു ചോദിക്കുകയും ഞാനിപ്പോൾ വരാമെന്നു പറഞ്ഞ് ഏതെങ്കിലും ഒരു ഭാഗത്തു ചെന്നിരുന്ന് ആ ദിവസത്തെ സീനുകൾക്ക് ആവശ്യമായ സംഭാഷണം എഴുതി നല്‍കുകയായിരുന്നു പതിവ്. അതായിരുന്നു ശ്രീനിവാസൻ! കഥയും തിരക്കഥയും സംഭാഷണവും നിമിഷങ്ങൾകൊണ്ട് തീർക്കാൻ കഴിയുന്ന ഒരാൾ!
ശ്രീനിവാസൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നമുക്ക് മറ്റൊരാളെ സങ്കല്പിക്കാനാവില്ല. "ഉദയനാണു താരം'എന്ന സിനിമ മാത്രമെടുക്കൂ. തമിഴിൽ റീമേക്കു ചെയ്യാൻ ശ്രമിച്ചിട്ട് ശ്രീനിവാസന്റെ റോൾ ചെയ്യാൻ ഒരാളെക്കിട്ടാതെ വർഷങ്ങൾ നീണ്ടുപോയി എന്നതു ചരിത്രമാണ്. ഒടുവിൽ രജനീകാന്തിനൊപ്പം ശ്രീനിവാസൻതന്നെ ആ റോൾ ചെയ്തു. പകരം വയ്ക്കാനില്ലാത്ത നടനായി മാറിയ അദ്ദേഹവും സൃഷ്ടികളും എന്നും നല്ല ഓർമകളായി മലയാളിയുടെ മനസിലുണ്ടാകും! അങ്ങനെയാണ് ശ്രീനിവാസൻ ചരിത്രമായി മാറുന്നത്!
Kerala
ചെന്നൈയിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം നടൻ ശ്രീനിവാസന്റെ പ്രതിഭയെ മിനുക്കിയെടുത്ത കാലം കൂടിയാണ്. ഇതിനെക്കുറിച്ചു ശ്രീനിവാസൻ പറഞ്ഞിരുന്നത് ഇങ്ങനെ: അഭിനയം പഠിക്കണം എന്നതിനെക്കാൾ അഭിനയം എങ്ങനെ പഠിപ്പിക്കാം എന്നറിയാനാണ് ആഗ്രഹിച്ചത്.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന ആലോചനയുടെ ഭാഗമായി പൂനയിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന അമ്മാവന്റെ മകനുമായി ബന്ധപ്പെട്ടു. അതു നടന്നില്ല. ആ സമയത്താണു വീടിനടുത്തുള്ള പ്രഭാകരൻ ചെന്നൈയിൽ ഫിലിം ചേംബർ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. നാട്ടിൽ പ്രഭാകരൻ സാർ നാടകത്തിൽ അഭിനയിച്ചതെല്ലാം ഓർമയുണ്ട്. സാറിന് എന്റെ വിശദാംശങ്ങളും ആഗ്രഹങ്ങളുമടങ്ങിയ വിശദമായ കത്തയച്ചു.
എന്നാൽ, അദ്ദേഹം നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണു മറുപടി അയച്ചത്. അപ്പോൾ എന്റെ നയം വ്യക്തമാക്കിക്കൊണ്ടു തിരിച്ചു കത്തയച്ചു. അദ്ദേഹത്തിന് എന്റെ ആത്മാർഥത ബോധ്യപ്പെട്ടു. ആപ്ലിക്കേഷൻ അയയ്ക്കാൻ പറഞ്ഞു. ഫോട്ടോ വച്ചാണ് ആപ്ലിക്കേഷൻ. അദ്ദേഹത്തിന്റെ മറുപടി വന്നു. ഈ ഫോട്ടോ കണ്ടാൽ ഒരു വിധത്തിലും ഇവിടെ അഡ്മിഷൻ കിട്ടുമെന്നു തോന്നുന്നില്ല എന്നായിരുന്നു കത്തിൽ.
ഞാൻ മറുപടി അയച്ചു, സർ, പ്രേം നസീർ ഭംഗിയുള്ള ആളാണ്. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാൾക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്നു പറയുന്നതു ശരിയാണോ? അവസാനം ഞാൻ മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല
രാമു കാര്യാട്ട്, വിൻസന്റ് മാഷ്, പി. ഭാസ്കരൻ, സേതുമാധവൻ തുടങ്ങിയ പ്രഗല്ഭരാണ് ഇന്റർവ്യൂ ബോർഡിൽ. എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. പ്രഭാകരൻ സാറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലും ഇന്റർവ്യൂവിനുണ്ട്. എന്നെ അവരെല്ലാം ചേർന്ന് ഉപദേശിച്ചു.
ഞാൻ അവരോട് പറഞ്ഞു: "സിനിമയിൽ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ആളല്ല. കുറെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്റെ ലക്ഷ്യം അഭിനയം പഠിക്കുക എന്നതാണ്. ആ അറിവ് എന്റെ നാടകപ്രവർത്തനത്തിനു കൂടുതൽ ശക്തി പകരും. അതുകൊണ്ടു പഠിക്കാൻ അവസരം തരണം'.
എന്റെ സംസാരത്തിലെ ആത്മാർഥത അവർക്കു ബോധ്യപ്പെട്ടു. എന്നെ സെലക്ട് ചെയ്തു. പിറ്റേന്ന് രാമു കാര്യാട്ട് ഷൂട്ട് ചെയ്ത സ്ക്രീൻ ടെസ്റ്റിൽ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെയാണു പടിയിറങ്ങിയത്.
അവസരം തേടി രജനീകാന്ത്
സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിം ചേംബർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെംബർമാരായ സിനിമാ പ്രവർത്തകരുടെ പിന്നാലെ ചാൻസ് തേടി നിരവധിത്തവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല.
ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്. അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നു മുതൽ രജനി സ്റ്റാറാണ്. അപൂർവരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്നു രജനീകാന്ത് സൂപ്പർ സ്റ്റാറായി മാറി. ഞാനപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു.
ഒരിക്കൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഫംഗ്ഷനിൽ അതിഥിയായി രജനി വന്നു. അയാൾ ചാൻസിനായി പിറകേ നടന്ന ചേംബറിന്റെ മെംബർമാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ അഭ്യർഥിച്ചു നടന്നു. മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാൻ.
രജനിയാണെങ്കിൽ അയാളെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കൈപ്പുള്ള അനുഭവം മുൻപ് ചാൻസ് തേടി നടന്നപ്പോൾ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചത്.
പി.എ. ബക്കർ, സംഘഗാനം
ചെന്നൈയിലെ പഠനം കഴിഞ്ഞയുടൻ ഞാൻ പി.എ. ബക്കർ സാറിന്റെ മണിമുഴക്കം എന്ന സിനിമയിൽ അഭിനയിച്ചു. ഹരിയാണു നായകൻ. ചെറിയൊരു വേഷമാണു ഞാൻ ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിന്റെ സംഘഗാനം എന്ന സിനിമയിൽ നായക കഥാപാത്രം അവതരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായി പഠിച്ച ഒരാളാണ് ബക്കർ സാറിനെ അസിസ്റ്റ് ചെയ്യുന്നത്. അദ്ദേഹമാണ് സിനിമയിൽ നായകൻ ഞാനാണെന്നു പറഞ്ഞത്.
കേട്ടതും എനിക്കത്ഭുതമാണു തോന്നിയത്. എന്നെ തെരഞ്ഞെടുക്കാൻ കാരണം എന്തെന്നു ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ടു ഞാൻ ചിരിച്ചു. ഈ കഥാപാത്രത്തിനു വേണ്ട ദാരിദ്യ്രം പിടിച്ച മുഖം ശ്രീനിയുടേതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്!
Kerala
മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.
ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.
കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു.
Kerala
മലയാള സിനിമയുടെ ഏതാണ്ട് എല്ലാ തലങ്ങളിലും കൈവച്ച അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഡബ്ബിംഗ് ആർട്ടിസ്റ്റ്, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിലെല്ലാം ശ്രീനിവാസന്റെ പ്രതിഭാസ്പർശമുണ്ടായി. കാലാതീതമായ നർമങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ശ്രീനിവാസന്റെ ശൈലി. അതുകൊണ്ട് തന്നെ ഇന്നും കാഴ്ചക്കാർ പൊട്ടിച്ചിരിയോടെ ആസ്വദിക്കുന്നവയാണ് അദ്ദേഹം തിരക്കഥയും കഥയും ഒരുക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമകൾ. വലിയൊരു ജീവിത സന്ദേശം കൂടി അദ്ദേഹത്തിന്റെ പല സിനിമകളുടെയും പ്രത്യേകതകളായായിരുന്നു.
കണ്ണൂർ കൂത്തുപറമ്പ് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസന്റെ ജനനം. പിതാവ് ഉണ്ണി സ്കൂൾ അധ്യാപകനും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അമ്മ ലക്ഷ്മി വീട്ടമ്മ. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. കതിരൂർ ഗവ. സ്കൂളിൽ പഠിച്ചു. മട്ടന്നൂരിലെ പഴശിരാജ എൻ. എസ്. എസ്. കോളജിൽ കോളജ് പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.1977ൽ മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സിനിമാ അഭിനയത്തിൽ ഡിപ്ലോമ. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ച അക്കാലത്തെ വൈസ് പ്രിൻസിപ്പൽ എ. പ്രഭാകരൻ തന്നെ ശ്രീനിവാസനു തന്റെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുത്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായിരുന്നു ശ്രീനിവാസൻ. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നി സിനിമകളിൽ മമ്മൂട്ടിക്കും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനും ശബ്ദം നൽകി.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്കു കഥ എഴുതി. ഗാന്ധിനഗർ സെക്കൻഡ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയവയൊക്കെ ശ്രീനിവാസന്റെ ടച്ചിൽ മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ചിത്രങ്ങളാണ്. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനുമായ ധ്യാൻ എന്നിവർ മക്കളാണ്.
Movies
മലയാളസിനിമയെ വേറിട്ട വഴികളിലൂടെ നടത്തിയ ശ്രീനിവാസൻ. ഒറ്റവാക്കിൽ ഈ മഹാപ്രതിഭയെ അങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു.
അസാധാരണ പോരാട്ടവീര്യവും എപ്പോഴും കാണുമ്പോൾ തമാശകൾ പറഞ്ഞുള്ള ആ ചിരിയും രോഗാതുരനായപ്പോളും അദ്ദേഹത്തെ തളർത്തിയില്ല.
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്കെത്തുന്നത്. അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്ശന് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.
1991 ൽ പുറത്തിറങ്ങിയ സന്ദേശം സിനിമയുടെ രാഷ്ട്രീയം ഇന്നും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
Movies
നടിയെ ആക്രമിച്ച കേസും തുടര്‍ന്നുണ്ടായ വിവാദങ്ങളും മലയാള സിനിമയിലെ ജനപ്രിയ നായകന്റെ കരിയറിനെ താഴ്ത്തിക്കെട്ടുന്നതായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീല ഒഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. നടി കേസിനെ തുടര്‍ന്ന് സ്ത്രീ പ്രേക്ഷകരില്‍ പലരും ദിലീപിന്റെ സിനിമകള്‍ കാണാതായി.
ദിലീപിന്റെ സിനിമാജീവിതത്തിലെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. കമലിന്റെ സഹസംവിധായകനായിട്ടായിരുന്നു ഇയാളുടെ തുടക്കം. സഹസംവിധായകനായി കാമറയ്ക്ക് പിന്നില്‍ നിന്ന ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തിലൂടെ തന്നെയാണ് കാമറയ്ക്ക് മുന്നിലെത്തിയത്. നായക നടന് വേണ്ട മുഖസൗന്ദര്യമോ ആകാരവടിവോ ഇല്ലാതിരുന്നിട്ടും 'മാനത്തെ കൊട്ടാരം' എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി. ആ ചിത്രം ഹിറ്റായതോടെ ദിലീപിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. ത്രീ മെന്‍ ആര്‍മി, കൊക്കരക്കോ, കല്യാണ സൗഗന്ധികം എന്നിങ്ങനെ ലോ ബജറ്റ് ചിത്രങ്ങളിലൂടെ ഇയാള്‍ വിജയക്കുതിപ്പ് തുടര്‍ന്നു.
ലോഹിതദാസ് തിരക്കഥയെഴുതിയ സല്ലാപമായിരുന്നു ദിലീപിന്റെ കരിയറിലെ ടേണിംഗ് പോയിന്റ്. ഈ പുഴയും കടന്ന്, മീനത്തില്‍ താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കര്‍ തുടങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇതിനിടെ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി മഞ്ജുവാര്യരുമായി വിവാഹം. പിന്നീട് മഞ്ജു സിനിമയില്‍ നിന്നകലുകയും ദിലീപ് സിനിമയില്‍ ശക്തമാകുകയുമായിരുന്നു. നടന് എന്ന ലേബലിനപ്പുറം നിര്‍മാതാവായും തീയേറ്റര്‍ ഉടമയായും ദിലീപ് മാറി.
ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നിങ്ങനെ പരീക്ഷണ ചിത്രങ്ങള്‍ക്കും ഡേറ്റ് കൊടുത്തു. ബോക്സോഫീസില്‍ പണം വാരിയ മീശമാധവന് ദിലീപിന്റെ താരപദവി ഉയര്‍ത്തി. ഹാസ്യത്തിന്റെ മേമ്പൊടിയുമായി എത്തിയ സിഐഡി മൂസയും, വെട്ടവും, പാണ്ടിപ്പടയുമെല്ലാം കൈയടി നേടി. കഥാവശേഷനും, കല്‍ക്കട്ടാ ന്യൂസും, പെരുമഴക്കാലവും ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ഗൗരവമുള്ള വേഷങ്ങളിലെത്തി. ലയണ്‍, ഡോണ്‍ പോലെയുള്ള ചിത്രങ്ങളില്‍ ആക്ഷന്‍ റോളുകളും ചെയ്തു.
അമ്മ സംഘടനയുടെ ധനശേഖരണാര്‍ഥം മലയാള സിനിമാ താരങ്ങളെയെല്ലാം അണിനിരത്തി നിര്‍മിച്ച 20 -ട്വന്റി എന്ന ചിത്രം സിനിമാ ലോകത്തെ ദിലീപിന്റെ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതായിരുന്നു.
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ ദിലീപിന്റെ പങ്കുണ്ടെന്ന സൂചനകളും പുറത്തു വന്നത്. അതോടെ കേസും വിവാദങ്ങളും ജയില്‍വാസവുമായി ജനപ്രിയ നായകന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീലയെ കേസിന്റെ പേരില്‍ പ്രേക്ഷകര്‍ കൈവെടിയരുതെന്ന് സംവിധായകന് അരുണ്‍ ഗോപി അഭ്യര്ഥിക്കേണ്ടിവന്നു. എന്നാല്‍ ചിത്രം ഹിറ്റായി. ദിലീപിന്റെ ഇതുവരെയുള്ള സിനിമകളുടെ കണക്കെടുത്താല്‍ അവസാനത്തെ ഹിറ്റ്.
പൊതു വേദികളില്‍ നിന്ന് ഇയാള്‍ കുറേക്കാലം അകന്നു നിന്നെങ്കിലും വീണ്ടും സിനിമയില്‍ അഭിനയിച്ചു തുടങ്ങി. സിനിമകള്‍ ഇറങ്ങിയെങ്കിലും സ്ഥിരം പ്രേക്ഷകരെ അയാളെ കൈവിട്ടു. കമ്മാരസംഭവം, ജാക്ക് ആന്‍ഡ് ഡാനിയേല്‍, മൈ സാന്റ, കേശു ഈ വീടിന്റെ നാഥന്, വോയ്സ് ഓഫ് സത്യനാഥന്, ബാന്ദ്ര, തങ്കമണി, പവി കെയര്‍ ടേക്കര്‍ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ദിലീപ് വന്നുപോയി. ഏറ്റവുമൊടുവില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലിയും എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു.
SUNDAY DEEPIKA
ഒരു സംവിധായകന്റെയും സഹായിയാവാതെ, ക്ലാപ്പടിക്കാതെ, പരിശീലനങ്ങളൊന്നുമില്ലാതെ ഒരു മൂവി കാമറയിലൂടെ ആദ്യം നോക്കുന്നത് 1978ല്‍ പുറത്തിറങ്ങിയ തന്റെ ഉത്രാടരാത്രി എന്ന സിനിമയുടെ ആദ്യഷോട്ടിലാണ് എന്നു പറയാറുണ്ട് ബാലചന്ദ്രമേനോന്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അതു സാധിക്കാതെ, സിനിമ സ്വയം പഠിച്ച് മുന്നോട്ടു നടന്നതുകൊണ്ടാണ് ബാലചന്ദ്രമേനോന് എന്ന യുവാവ് ഇന്നത്ത ബാലചന്ദ്രമേനോനായി മാറുന്നത്. 1975ല്‍ ഒരു പ്രമുഖ ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധിയായാണ്, പില്ക്കാലത്ത്
സംവിധാനവും അഭിനയവും നിര്‍മാണവും കഥയും തിരക്കഥയും സംഭാഷണവും ഉള്‍പ്പെടെ സിനിമയുടെ സമസ്ത മേഖലയും തൊട്ടറിഞ്ഞ മേനോന്റെ തുടക്കം. തലമുടി പിന്നിലേക്ക് നീട്ടി വളര്‍ത്തിയ, മെലിഞ്ഞു നീണ്ട യുവപത്രപ്രവര്ത്തകന് ആദ്യം അഭിമുഖം നടത്തിയത് അക്കാലത്തെ പ്രശസ്ത നായികനടിയായ റാണിചന്ദ്രയെയായിരുന്നു. പിന്നീട് പ്രേംനസീര്‍, കെ.പി. ഉമ്മര്‍ തുടങ്ങി എത്രയോ താരങ്ങള്‍ ബാലചന്ദ്രമേനോന്റെ മുന്നിലിരുന്നു.
അന്നുമുതൽ അഭിനേതാക്കളുടെ സൂക്ഷ്മഭാവങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ടാവാം ബാലചന്ദ്രമേനോൻ. ഈ മുന്നൊരുക്കങ്ങള്‍ മേനോന്റെ സിനിമാ ജീവിതത്തിലെ വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്. ഇപ്പോള്‍ ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ സിനിമയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
സമാന്തരങ്ങൾ, അച്ചുവേട്ടന്റെ വീട്, ഏപ്രിൽ 18, കാര്യം നിസാരം, കുടുംബപുരാണം തുടങ്ങിയ അവിസ്മരണീയങ്ങളായ സിനിമകളുടെ ശില്പി തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിലാണ്. ബാലചന്ദ്രമേനോന് സംസാരിക്കുന്നു....
? അരനൂറ്റാണ്ടു തികയുന്ന അവസരത്തില്‍ എന്താണ് മനസിൽ തെളിയുന്നത്.
= എന്റെ ജീവിതത്തില്‍ ഒരു പൂവ് മാത്രമാണ് ഞാന്‍ ചോദിച്ചത്. എനിക്കു പക്ഷേ ഒരു പൂന്തോട്ടം ഈശ്വരാനുഗ്രഹത്താല്‍ ലഭിച്ചു. എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സിനിമ. ട്രെന്‍ഡുകള്‍ മാറിക്കൊണ്ടേയിരിക്കുന്ന രംഗം. ഇതിനിടയില്‍ അമ്പതു വര്‍ഷം നിലനില്ക്കാന് കഴിഞ്ഞതുതന്നെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനു ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും നന്ദി പറയുകയാണ്.
? ചെറുപ്പം മുതല്‍ സിനിമയെ പ്രണയിക്കുകയും സിനിമ പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്ത മേനോന് സിനിമാ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നതും മറ്റൊരു വാതിലിലൂടെ സിനിമയിലെത്താൻതന്നെയാണെന്ന് കേട്ടിട്ടുണ്ട്.
= അതേ. പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എന്റെ അധ്യാപകനുമായിരുന്ന പ്രഫ. ഒ.എന്‍.വി. കുറുപ്പാണ് എന്നോട് സിനിമയിലേക്കു തുറക്കുന്ന മറ്റൊരു കൗണ്ടറിനെക്കുറിച്ച് പറയുന്നത്. സംവിധായകന്റെ അസിസ്റ്റന്റായി തുടങ്ങാമെന്ന് കരുതിയെങ്കിലും അതിന് എനിക്ക് കഴിയില്ല എന്ന് മനസിലായപ്പോള്‍ ഞാനക്കാര്യം ഒ.എന്‍.വി സാറുമായി പങ്കുവച്ചു. കോളജ് യൂണിയന് ചെയര്‍മാനായും നാടക നടനായും സംവിധായകനായും എന്നെ കണ്ടിട്ടുള്ള സാര്‍ അപ്പോള്‍തന്നെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല എന്ന കാര്യം ഉറപ്പിച്ചു പറഞ്ഞു.
ജേര്‍ണലിസം പഠിക്കാന്‍ എന്നെ ഉപദേശിക്കുകയും ചെയ്തു. അക്കാലത്ത് ജേര്‍ണലിസം കോഴ്സിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ഒന്നാം റാങ്കോടെ പത്രപ്രവര്‍ത്തന കോഴ്സ് പാസായി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പത്രപ്രവര്‍ത്തകനായി ജോലി ലഭിച്ചെങ്കിലും സിനിമയെ വിട്ടുമാറാന്‍ എന്റെ മനസ് തയാറാവാത്തതിനാല്‍ നാന സിനിമാവാരികയുടെ മദ്രാസിലെ പ്രതിനിധിയാവാന്‍ മദ്രാസ് മെയിലില്‍ കയറുകയായിരുന്നു.
? എത്രയോ പ്രശസ്ത താരങ്ങള്‍ക്കൊപ്പമിരുന്ന് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. മുമ്പ് താരങ്ങള്‍ ഇരുന്ന കസേരയില്‍ ഇരുന്ന് പിന്നീട് താങ്കൾ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിത്തുടങ്ങി. എങ്ങനെ കാണുന്നു. ഭാഗ്യമായിട്ടാണോ.
= അതേ, ഭാഗ്യത്തിന്റെ അംശം ജീവിതത്തിന്റെ എല്ലാ തലത്തിലുമുണ്ടല്ലോ. എനിക്കു കസേരകള്‍ മാറി നല്‍കിയതിലും ഈ ഭാഗ്യമുണ്ട്. സിനിമ ഉള്‍പ്പെടെ എന്തും വിജയിക്കുന്നതിലും ഭാഗ്യം എന്ന ഘടകമുണ്ട്. ഉദാഹരണമായി ഒരു സദസിലിരുന്ന് നമ്മള് ഒരു തമാശ പറഞ്ഞുവെന്നിരിക്കട്ടെ. അപ്പോള്‍ പെട്ടെന്ന് പുറത്തൊരു പടക്കം പൊട്ടിയാല്‍ ജനം അങ്ങോട്ടേക്ക് ശ്രദ്ധ തിരിക്കില്ലേ? നമ്മള് പറഞ്ഞ നര്‍മം ആരെങ്കിലും ആസ്വദിക്കുമോ?
? ഉത്രാട രാത്രി എന്ന ആദ്യ സിനിമയിൽ തന്നെ അഭിനയവും തുടങ്ങിയിരുന്നു. പിന്നീട് സ്വന്തം സിനിമയിലും പ്രശസ്തരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തം സിനിമകളാണോ മറ്റു സംവിധായകരുടെ സിനിമകളാണോ കൂടുതല്‍ സുഖകരം.
= സിനിമ എല്ലാക്കാലത്തും എന്റെ പാഷനാണ്. എല്ലാ സിനിമകളും ഒരുപോലെ ആഹ്ലാദകരമായ അനുഭവങ്ങളുമാണ്. അതിന് എന്റെ സിനിമ, മറ്റുള്ളവരുടെ സിനിമ എന്ന വേര്‍തിരിവില്ല.
? താങ്കളുടെ ഉള്ളിലെ നടനെ പൂര്‍ണ അര്‍ഥത്തില്‍ പുറത്തുകൊണ്ടുവന്നത് മറ്റു സംവിധായകരാണെന്ന് ചില സിനിമാപ്രേമികള്‍ പറയാറുണ്ട്.
= അങ്ങനെ വിശ്വസിക്കുന്നത് അവരുടെ ആസ്വാദ്യതലം അത്തരത്തിലായതു കൊണ്ടാവാം. എനിക്ക് ദേശീയ അംഗീകാരം ലഭിച്ചത് എന്റെതന്നെ സിനിമയായ സമാന്തരങ്ങളിലെ ഇസ്മയിലിനെ അവതരിപ്പിച്ചതിനാണ്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തില്‍ എനിക്കു നന്ദിപറയേണ്ടിവന്നത് എന്നോടുമാത്രമായിരുന്നു. മറ്റ് അവാര്‍ഡ് ജേതാക്കള്‍ സംവിധായകനും, നിര്‍മാതാവിനും, തിരക്കഥാകൃത്തിനും നന്ദി പറഞ്ഞിടത്ത് എനിക്ക് ബാലചന്ദ്രമേനോനു മാത്രമേ നന്ദിപറയേണ്ടിവന്നിട്ടുള്ളൂ എന്നതും സത്യമാണ്.
? ബാലചന്ദ്രമേനോന് ഏറ്റവും ഇഷ്ടപ്പെട്ട ബാലചന്ദ്രമേനോന് സിനിമ.
= അങ്ങനെ ഒരു സിനിമയുടെ മാത്രം പേരെടുത്തുപറയാന്‍ കഴിയില്ല. ഓരോ സിനിമയ്ക്കും ആ സിനിമയുടേതായ സവിശേഷതകളില്ലേ. എല്ലാ സിനിമകളും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്.
? മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഭരത് ഗോപി, തിലകന്, മണിയന്‍പിള്ള രാജു, ശ്രീവിദ്യ, അംബിക, ജലജ തുടങ്ങിയ പ്രതിഭകളായ അഭിനേതാക്കള്‍ക്കു വളരെ വ്യത്യസ്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ നൽകാവാന്‍ സാധിച്ചിട്ടുണ്ട്. പ്രേംനസീര്‍ എന്ന മലയാളത്തിന്റെ അഭിമാനതാരത്തിന് ഏറെ ഇഷ്ടമായിരുന്നു മേനോന് നല്കിയ കാര്യം നിസാരത്തിലെ ഉണ്ണിത്താന് വേഷം. കാര്യം നിസാരത്തിലും ശേഷം കാഴ്ചയിലും പ്രേക്ഷകര്‍ കണ്ട കെ.പി. ഉമ്മറിന്റെ അഭിനയവും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതായിരുന്നു.
= സംവിധായകന് എന്ന നിലയില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്. ചലച്ചിത്ര ലോകത്തെ മുഖ്യധാരാ താരങ്ങള്‍ക്കു മാത്രമല്ല, അഭിനയസിദ്ധിയുള്ള നിരവധി മറ്റ് അഭിനേതാക്കള്‍ക്കും എന്റെ സിനിമകളില്‍ നല്ല വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്.
കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, ശാന്താദേവി.. അങ്ങനെ എത്രയോ അഭിനേതാക്കള്‍... അങ്ങനെ ചെയ്താല്‍ മാത്രമേ സിനിമ ജനകീയമാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയില്‍ എന്റെ പേര് എഴുതിക്കാണിക്കുമ്പോഴും എന്റെ സിനിമ എല്ലാവരുടെയും സിനിമതന്നെയാണ്.
? പ്രതാപ് പോത്തന് സംവിധാനം ചെയ്ത "ഋതുഭേദ’ത്തില്‍ രാജന് മാഷ് എന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന് അവതരിപ്പിച്ചത്. നായിക ഗീതയുടെ കഥാപാത്രത്തോട് രാജന് മാഷ് പറയുന്ന ഒരു ഡയലോഗിന്റെ കാര്യം താങ്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതായത് "കാണാക്കയറുകള്‍ പൊട്ടിച്ച് കന്മതിലിനു പുറത്തേക്കുവരാന്‍ തയാറാണോ’ എന്നുള്ള ചോദ്യത്തെക്കുറിച്ച്. സാക്ഷാൽ എം.ടി. വാസുദേവൻ നായരുടേതായിരുന്നു തിരക്കഥയും സംഭാഷണവും എന്ന കാര്യവും ഓർമിക്കാം.
= അതേ. വികാരതീവ്രമായ രംഗത്തെ ആ സംഭാഷണം പറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിയാണ് വന്നത്. കാരണം എന്റെ രീതിയിലാണെങ്കില്‍ ഇറങ്ങി വാ... എന്നായിരിക്കും നായികയോടുള്ള ഡയലോഗ്. വളഞ്ഞുചുറ്റി മൂക്കില്‍ പിടിക്കണോ? നേരേ പിടിച്ചാല്‍ പോരേ എന്ന് ഞാന്‍ പ്രതാപ് പോത്തനോട് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്...
""അങ്ങനെ ചെയ്താല്‍, അത് എം.ടി ആവില്ല’’ എന്നാണ്. ഓരോ കഥാകൃത്തിനും തിരക്കഥാകൃത്തിനും അവരുടേതായ ആഖ്യാനശൈലിയുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ നമ്മുടെ കടമ അതനുസരിച്ച് അഭിനയിക്കുക എന്നതാണ്. അവിടെ നമ്മള് എന്ന വ്യക്തിയുടെയോ സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ ഒരു ഇടപെടലും വരാന്‍ പാടില്ല.
? നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന് ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയ സുകുമാരൻ എന്ന കഥാപാത്രം വളരെയേറെ ആരാധകരെ നേടിയിട്ടുണ്ട്. മമ്മൂട്ടി അതില്‍ ബാലചന്ദ്രമേനോന്റെ മാനറിസങ്ങള്‍ അനുകരിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
= സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി എന്നോടു പറഞ്ഞത്... ഞാനീ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ബാലചന്ദ്രമേനോനെ അനുകരിച്ചതേയുള്ളൂ എന്നാണ്. ഈ സിനിമയില്‍ ബാലചന്ദ്രമേനോന് അഭിനയിച്ചാല്‍ എങ്ങനെയായിരിക്കും എന്ന് സങ്കല്പിച്ച് ഞാന്‍ അഭിനയിച്ചു. എന്നാണ് മമ്മൂട്ടി പറഞ്ഞത്.
? കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് എന്നും ബാലചന്ദ്രമേനോന്. കുടുംബത്തിനുള്ളിലെ അമ്മയുടെ മനസ്, അമ്മ വച്ചുണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി. പുറമേയുള്ള കാര്‍ക്കശ്യത്തിനുള്ളില്‍ പിടയുന്ന അച്ഛന്റെ ഉള്ളം. ഇതെല്ലാം ബാലചന്ദ്രമേനോന്റെ സ്പെഷല്‍ ചേരുവകളായിരുന്നു. ഇനിയുമൊരു കുടുംബചിത്രം മനസിലുണ്ടോ.
= കുടുംബത്തിനുള്ളിലെ നന്മയെ എന്റെ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകന്‍തന്നെയാണ് ഞാന്‍. റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്ററായി ജോലി ചെയ്തിരുന്ന എന്റെ അച്ഛന് എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ കൊല്ലത്ത് സാധനങ്ങള്‍ വാങ്ങാനായി പോകും. പന്ത്രണ്ടു വയസുള്ള എന്നെയും കൂട്ടും.
പലവ്യഞ്ജനങ്ങളും മറ്റും വാങ്ങിക്കഴിഞ്ഞാല്‍ അച്ഛന് ടെക്സ്റ്റൈല്‍സില്‍ കയറി അമ്മയ്ക്കൊരു സാരി വാങ്ങും. വീട്ടിലെത്തിയാലുടനെ അമ്മ അത് ഉടുത്തുകാണണം. അമ്മ ഒട്ടും നന്നായിട്ടായിരിക്കില്ല പുതിയ സാരി ഉടുത്തുവരുന്നത്. ഉടനെ അച്ഛന് ഇങ്ങനെയാണോ സാരിയുടെ ഞൊറിവുകള്‍ ഇടുന്നത്. എന്നുപറഞ്ഞ് നിലത്തുചടഞ്ഞിരുന്ന് പ്ലീറ്റുകള്‍ ശരിയാക്കും.
ഈ ഒരു രംഗം കണ്ടുവളര്‍ന്നതുകൊണ്ടാണ് ഏപ്രില്‍ 18ല്‍ ഭാര്യയുടെ (ശോഭന അവതരിപ്പിക്കുന്ന കഥാപാത്രം) സാരി പ്ലീറ്റ് ഭര്‍ത്താവും സ്ഥലം എസ്ഐയുമായ രവികുമാർ നിലത്തിരുന്ന് ശരിയാക്കുന്ന രംഗം ഞാന്‍ ഉള്‍പ്പെടുത്തിയത്. ഞാൻതന്നെ അഭിനയിച്ച ആ രംഗം ധാരാളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതാണ്. ജീവിതത്തില്‍നിന്നും സിനിമയില്‍നിന്നും ഇപ്പോള്‍ ഇത്തരം പ്രിയ നിമിഷങ്ങള്‍ ഒഴിഞ്ഞുപോവുകയാണ്.
കുടുംബചിത്രങ്ങള്‍ എടുക്കണമെന്ന എന്റെ ആഗ്രഹം ഇപ്പോഴും തീര്‍ന്നിട്ടില്ല. സിനിമയുടെ മുഖവും പുതിയ തലമുറയിലെ പ്രേക്ഷകരുടെ അഭിരുചിയും മാറിയെങ്കിലും ഒരു നല്ല കുടുംബചിത്രം എന്റെ സ്വപ്നമാണ്.
Movies
ചെന്നൈ: വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പുതിയ തെന്നിന്ത്യൻ സിനിമകളുടെ സ്ട്രീമിംഗ് തുടങ്ങി.
1. എല്‍ (മലയാളം)
ഹൊറര്‍-ആക്ഷന്‍-ക്രൈം ത്രില്ലര്‍ സ്ത്രീകളുടെ തിരോധാനവും കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണു പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, സ്ത്രീകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതു കാണുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയായ രേണുകയെ ചുറ്റിപ്പറ്റിയാണ് ഈ അന്വേഷണാത്മക ഹൊറര്‍ ത്രില്ലര്‍ ചിത്രം നീങ്ങുന്നത്. 1980-കളില്‍ ഹംഗറിയിലും മറ്റു രാജ്യങ്ങളിലും നടന്ന ചില കേസുകളുമായി അന്വേഷണ ഉദ്യോഗസ്ഥ സമാനതകള്‍ കണ്ടെത്തുന്നു. വിഷ്ണു, അമൃത മേനോന്, ബിഗ് ബോസ് ഫെയിം സന്ധ്യ മനോജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
2. ആര്യന് (തമിഴ്)
തമിഴിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം ആര്യന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഒടിടിയിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. എഴുത്തുകാരനായ നമ്പി എന്നയാള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ആര്യന് പറയുന്നത്. കുറ്റകൃത്യം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് എഴുത്തുകാരന് ഓരോ ഇരയുടെയും പേര് വെളിപ്പെടുത്തുന്നത്. ഭീഷണി പൊതുജനങ്ങള്‍ക്കിടയില്‍ പരക്കുമ്പോള്‍, ഇരകളെ രക്ഷിക്കാന്‍ ഓഫീസര്‍ നടത്തുന്ന സാഹസികമായ ശ്രമങ്ങളും ചിത്രം പറയുന്നു. വിഷ്ണു വിശാല്‍, സെല്വരാഘവന്, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി, താരക് പൊന്നപ്പ, രാജ റാണി പാണ്ഡ്യന് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
3. ആണ് പാവം പൊള്ളാത്തത് (തമിഴ്)
ഐടി പ്രഫഷണലായ ശിവന്റെയും പുരോഗമനവാദിയായ ഭാര്യയുടെയും കഥയാണ് ആണ് പാവം പൊള്ളാത്തത് പറയുന്നത്. ഇരുവരുടെയും അഭിപ്രായ വ്യത്യാസങ്ങളും പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്ന ഘട്ടംവരെ സിനിമയെത്തുന്നു. കോടതിമുറിയിലെ രംഗങ്ങളിലൂടെയും ഗാര്‍ഹിക സംഘര്‍ഷങ്ങളിലൂടെയും സിനിമ മുന്നോട്ടുപോകുന്നു. റിയോ രാജ്, മാളവിക മനോജ്, ആര്‍ജെ വിഘ്നേശ്കാന്ത്, ഷീല രാജ്കുമാര്, ജെന്സണ് ദിവാകര്‍, എ. വെങ്കിടേഷ്, രാജാ റാണി പാണ്ഡ്യന്, ഉമാ രാമചന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
4. മാസ് ജതാര (തെലുങ്ക്)
തെലുങ്ക് സൂപ്പര്‍താരം രവി തേജയുടെ മാസ് ജതാര ആരാധകര്‍ ആഘോഷിച്ച ചിത്രമാണ്. നീതിബോധമുള്ള ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ലഹരിമാഫിയയുമായുള്ള സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനിടയിലെ നായകന്റെ പ്രണയവും കുടുംബസംഘര്‍ഷങ്ങളും മാസ് ജതാരയുടെ ഭാഗമാകുന്നു.
രവി തേജയ്ക്കൊപ്പം ശ്രീലീല, രാജേന്ദ്ര പ്രസാദ്, നവീന്‍ ചന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
5. റോണി (കന്നഡ)
കന്നഡിയിലെ പ്രേക്ഷകപ്രീതി നേടിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് റോണി. കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകമാണ് ചിത്രം പറയുന്നത്. കിരണ്‍ രാജ്, സമീക്ഷ, അപൂര്‍വ, പി രവിശങ്കര്‍, ഉഗ്രം മഞ്ജു, യാഷ് ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സീ5-ല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Movies
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ്. മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന വീരമണകണ്ഠൻ എന്ന 3D ചിത്രത്തിന്റെ പൂജാ എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും സംസ്ഥാന അവാർഡ് ജേതാവും ഗാന രചയിതാവുമായ കെ ജയകുമാർ ഐഎഎസ് ആണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.
വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. നിർമാണ നിർവഹണം - അനീഷ് പെരുമ്പിലാവ്. മണ്ഡലകാലത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
ശബരിമല, പമ്പ, നിലയ്ക്കൽ, സത്രം, എരുമേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
പൃഥ്വിരാജിനെ നായകനാക്കി മഹേഷ് സംവിധാനം ചെയ്ത കലണ്ടർ സിനിമയിലെ താരത്തിന്റെ പ്രകടനം ട്രോളുകളായി സമൂഹമാധ്യമങ്ങളാകെ തരംഗമായിരുന്നു. ഇപ്പോഴിതാ ആ ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പൻ എന്ന കഥാപാത്രത്തിന്റെ മുഖഭാവവും
അതിലെ പാട്ടുമൊക്കെയായിരുന്നു ട്രോളുകളിൽ നിറഞ്ഞത്.
താനും സോജപ്പൻ ഫാൻ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേർക്കൂ എന്നുമാണ് പൃഥ്വിരാജ് തമാശരൂപേണ പറഞ്ഞത്.
ഒരു യുട്യൂബ് ചാനൽ നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ സോജപ്പന്റെ ട്രോളിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.
2009-ൽ പുറത്തിറങ്ങിയ കലണ്ടറിലെ ഒരു ഗാനമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. പച്ചവെള്ളം ടച്ചിന് സോജപ്പൻ എന്ന ഗാനമാണ് ഇപ്പോൾ 4K യിൽ യൂട്യൂബിലൂടെ പുറത്തിറങ്ങിയത്.
ഗാനത്തിലെ പൃഥ്വിരാജിന്റെ ഭാവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. നവ്യ നായർ, മുകേഷ്, സറീന വഹാബ് തുടങ്ങിയവരായിരുന്നു കലണ്ടറിലെ മറ്റു അഭിനേതാക്കൾ.
Movies
ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കംപ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അവതരിപ്പിച്ചതിന് വിലക്കു നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകന് വിനയന്.
ഗ്രാഫിക്സ് ഉപയോഗിക്കാനുള്ള അന്നത്തെ കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും വിനയൻ സംസാരിച്ചു. ‘അകാശഗംഗ’യിലെ മോർഫിംഗ് സീനിന് ഒരു സെക്കൻഡിന് 12,000 രൂപ മുടക്കേണ്ടിവന്നു എന്ന് വിനയൻ ഓർത്തെടുത്തു. എഐ സിനിമകളുടെ കാലമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളത്തിലെ ആദ്യ നിര്‍മിതബുദ്ധി അധിഷ്ഠിത ചിത്രം മണികണ്ഠന്: ദ് ലാസ്റ്റ് അവതാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങിലാണ് വിനയൻ ഇക്കാര്യം പറഞ്ഞത്.
എഐയുടെ ദൃശ്യസാധ്യതകൾ നമ്മളുദ്ദേശിക്കുന്നതിന് അപ്പുറമാണ്. ഞാനും ഒരു സിനിമ പദ്ധതിയിടുന്നുണ്ട്. 1999-ല്‍ 26 വര്‍ഷം മുൻപാണ് ഞാൻ ആകാശഗംഗ ചെയ്യുന്നത്. അതിൽ മയൂരി എന്ന യക്ഷിയുടെ മുഖം മോര്‍ഫ് ചെയ്ത് പൂച്ചയുടേതുപോലെയാക്കുന്ന ഒരു ഷോട്ടുണ്ട്.
ആ മോര്‍ഫിംഗ് ഒരു സെക്കന്‍ഡ് ചെയ്യുന്നതിന് അന്ന് 12,000 രൂപ കൊടുക്കണം. അത്ഭുതദ്വീപ് സിനിമ ചെയ്യുന്ന സമയത്ത് അമ്പിളി ചേട്ടനെ (ജഗതി ശ്രീകുമാര്‍) കുഞ്ഞനാക്കി ഡാന്‍സ് ചെയ്യിക്കണം. എന്തു കഷ്ടപ്പാടായിരുന്നു അന്ന് അത് ചെയ്യാൻ. ഇന്നാണെങ്കില്‍ ഒരു കുഞ്ഞന്റെ ഫോട്ടോയും അമ്പിളി ചേട്ടന്റെ ഫോട്ടോയും കൊടുത്താല്‍ എന്ത് ഡാന്‍സ് വേണമെങ്കിലും നമുക്ക് ജഗതി ശ്രീകുമാറിനെക്കൊണ്ട് കളിപ്പിക്കാം. സാധ്യതകള്‍ നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാള്‍ അപ്പുറത്താണ്.
ഇത്തരം ഡ്രീമുമായി സിനിമയിലേക്ക് വന്നയാളാണ് ഞാൻ. ‘അതിശയൻ’ എന്നൊരു സിനിമ ഞാൻ മലയാളത്തിൽ കൊണ്ടുവന്നു. ഹള്‍ക്ക് പോലെ കൊച്ചുകുട്ടി വലുതാകുന്ന കണ്‍സെപ്റ്റ് ആയിരുന്നു അതിശയന്റേത്. ആറു മാസം കൊണ്ട് സിനിമ റിലീസ് ചെയ്യണമെന്ന് നിർമാതാവ് എന്നോട് പറഞ്ഞു. അന്നൊക്കെ ഒരു ഹോളിവുഡ് പടം എത്രയോ വര്‍ഷം എടുത്താണ് ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ ചെറിയ ബജറ്റിംഗും റിലീസ് ടൈമുമൊക്കെയുണ്ടല്ലോ. അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ച തരത്തിലുള്ള ഗ്രാഫിക്സ് ആ സിനിമയിൽ വന്നില്ല.
ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സിജിഐയില്‍ കൂടി അവതരിപ്പിച്ചു. അന്ന് വലിയ പ്രശ്നമായി. എന്നെ ഒന്നോ രണ്ടോ വര്‍ഷം അവര്‍ വിലക്കിവച്ചു. ഇന്ന് ആര്‍ക്കും ആരെയും ഉണ്ടാക്കാം എന്ന സ്ഥിതിയിലെത്തി.
ഇന്ന് മമ്മൂക്കയ്ക്കും മോഹന്‍ലാലിനുമൊക്കെ ഒരു വര്‍ഷം 100 പടത്തിനൊക്കെ ഡേറ്റ് കൊടുക്കാം. ചിത്രങ്ങൾ കൊടുത്താല്‍ മതി. അവര്‍ ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ എക്സ്പ്രഷന്‍സോടെ അഭിനയിക്കും, ആക്ഷന്‍ ചെയ്യും.
ഇത്തരം സിനിമകൾക്കായിരിക്കും ഇനി സാധ്യതയുണ്ടാവുക. എഐയുടെ കാലമാണ്. നമുക്ക് മികച്ച അഭിനേതാക്കളുണ്ട്. പക്ഷെ, അവര്‍ ചെയ്തിട്ടുള്ള അഭിനയത്തിന് മുകളിലുള്ള എക്സ്പ്രഷന്‍സ് കണ്ടാല്‍ നമുക്ക് ഞെട്ടിയല്ലേ പറ്റത്തുള്ളൂ. ആ ഒരു കാലമാണ് വരുന്നത്. അതുകൊണ്ട് വലിയ ജാഡകള്‍ ഒന്നും ആര്‍ക്കും കാണിക്കാന്‍ പറ്റില്ല. അതിനുമുകളില്‍ കാണിക്കുന്ന, വിരല്‍ത്തുമ്പില്‍ ഇതൊക്കെ എടുക്കാന്‍ പറ്റുന്ന ടെക്നീഷ്യന്‍സിന്റെ നാളുകളാണ് സിനിമയിലും ടെക്നോളജിയിലും വരാൻപോകുന്നത്.’
Movies
സിനിമയിൽ വന്നിട്ട് 20 വർഷമായെന്നും മലയാളസിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്നും നടി ഹണി റോസ്. താരം കേന്ദ്രകഥാപാത്രമായെത്തിയ റേച്ചൽ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
'പത്തിരുപത് വര്‍ഷമായി സിനിമാ മേഖലയില്‍. അതിന്റെ കാരണഭൂതന് വിനയന് സാറാണ്. അദ്ദേഹമാണ് സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. ഇതിലെങ്കിലും ഇവള് രക്ഷപെടുമായിരിക്കും എന്നായിരിക്കും വിനയന് സാറിന്റെ മനസിലൂടെ പോകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. മലയാള സിനിമക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍, ഒരാവശ്യവുമില്ല. ഞാന്‍ കടിച്ചു തൂങ്ങി പിടിച്ചു നില്ക്കുന്ന ഒരാളാണ്.
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഒത്തിരി കഥാപാത്രങ്ങള്‍ വരണമെന്നില്ല. വരുന്നതില്‍ നിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ്. അതെന്റെ വലിയൊരു പാഷന് ആണ്'. ഹണി റോസ് പറഞ്ഞു.
Movies
ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി. സിനിമയില്‍ രണ്ടു മാറ്റങ്ങൾ വരുത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം.
ധ്വജ പ്രണാമത്തിലെ ‘ധ്വജ’ മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സെൻസർ ബോർഡ് അനാവശ്യമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം. രണ്ടു ദിവസത്തിനകം സെൻസർ ബോർഡിനു വീണ്ടും അപേക്ഷ നൽകുമെന്ന് സിനിമയുടെ സംവിധായകൻ റഫീഖ് വീര പറഞ്ഞു. 14 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം എന്നാണ് വിധി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നും റഫീഖ് വീര പറഞ്ഞു.
ഹർജി പരിഗണിച്ച ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ സ്റ്റുഡിയോയിൽ നേരിട്ടെത്തി സിനിമ കണ്ടതിനു ശേഷമാണ് വിശദമായ വാദം കേട്ടത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, സംഘം കാവലുണ്ട്, ധ്വജപ്രണാമം തുടങ്ങിയ വാക്കുകളും ഒഴിവാക്കുന്നത് ഉൾപ്പെടെ 15 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്.
Movies
സമൂഹമാധ്യമങ്ങളിൽ തന്റെ പേരും ചിത്രവും ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടുകൾ സജീവമായുണ്ടെന്നും അതിലൊന്നും പോയി വീഴരുതെന്നും മുന്നറിയിപ്പ് നൽകി നടി സംയുക്ത വർമ.
ഫേസ്ബുക്കിൽ സംയുക്ത വർമ എന്ന പേരിലുള്ള ഒരു അക്കൗണ്ടും തനിക്കില്ലെന്ന് സംയുക്ത വ്യക്തമാക്കി. ആകെയുള്ളത് ബ്ലൂ ടിക് വെരിഫൈഡ് ആയിട്ടുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണെന്നും അതാണ് താൻ ഉപയോഗിക്കുന്നതെന്നും താരം പറഞ്ഞു. ബിജു മേനോന്റെ ഫേസ്ബുക്കിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്.
‘സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോടു കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അല്ലാതെയുള്ള ഒരു സമൂഹമാധ്യമങ്ങളിലും ഞാൻ സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫേസ്ബുക്കിൽ ആരംഭിച്ചിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല.
ഒരുപാടു പേർ അത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് ഫോളോ ചെയ്യുകയും പേഴ്സണൽ മെസജ് അയക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണിത്. എല്ലാവരും ശ്രദ്ധിച്ചിരിക്കണം.’ സംയുക്ത വർമ പറഞ്ഞു.
Movies
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ആറിന് തിയറ്ററുകളിലെത്തും.
ജാഫർ ഇടുക്കി, ബാബു രാജ്, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണൻ എന്നിവരും പോസ്റ്ററിലുണ്ട്. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.
പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും റേച്ചല്‍ എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം.ബാദുഷയും രാജന് ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീർ.
Movies
അടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ഗോസ്റ്റ് റോൾ ചെയ്ത നടനും നടിക്കും അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ കടുത്ത മത്സരം ആയിരിക്കും ആ വിഭാഗത്തിൽ നടക്കുക. കാരണം മലയാളസിനിമയിൽ ഇത് യക്ഷി-പ്രേത-ഭൂത- മറുത-ചാത്തന്മാരുടെ കളി വിളിയാട്ടത്തിന്റെ കാലമാണ്.
ഭാർഗവീനിലയത്തിൽ തുടങ്ങുന്ന മലയാള സിനിമയുടെ ലക്ഷണമൊത്ത ഹൊറർ പാരമ്പര്യം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ തിയറ്റർ റിലീസ് ആയ പ്രണവ് മോഹൻലാലിന്റെ ഡീയെസ് ഈറേ വരെ എത്തിനിൽക്കുന്നു മലയാളത്തിന്റെ ഹൊറർ സിനിമ ചരിത്രം. എല്ലാകാലത്തും പ്രേക്ഷകർക്ക് ഇഷ്ടമുള്ളവയാണ് ഹൊറർ മൂഡിലുള്ള സിനിമകൾ.
മലയാളത്തിൽ കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തിയ ലോക ചാപ്റ്റർ വൺ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായി. പിന്നീട് സുമതി വളവ്, നൈറ്റ് റൈഡേഴ്സ്, ഡീയെസ് ഈറേ എന്നിവയെല്ലാം ഇതേ പാറ്റേണിൽ വന്നു. ഹൊറർ സിനിമയാണെങ്കിലും അവയിൽ പരമാവധി വ്യത്യസ്തതകൾ കൊണ്ടുവരാൻ പുതിയ സംവിധായകർ ക്ഷമിക്കുന്നതുകൊണ്ടുതന്നെ പേടിപ്പെടുത്തുന്ന സിനിമകൾക്കെല്ലാം ഒരു ഫ്രഷ്നസ് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.
1964 ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന കഥയിൽ നിന്ന് ഭാർഗവീനിലയം എന്ന ഹൊറർ സിനിമ പിറവിയെടുക്കുന്നത്. എ. വിൻസെന്റാണ് സിനിമ സംവിധാനം ചെയ്തത്. മനോഹരമായ ഒരു റൊമാന്റിക് ഹൊറർ ചിത്രമായിരുന്നു അത്. ഒരുപക്ഷേ മലയാളത്തിൽ ആദ്യം വരുന്ന ഹൊറർ സിനിമ. അത് കണ്ട് അന്ന് പേടിച്ചു വിറച്ചിട്ടുണ്ടെന്ന് പഴയ തലമുറയിലുള്ളവർ ഓർക്കുന്നു.
നിലവെളിച്ചം എന്ന കഥയൊന്നും വായിച്ചിട്ടുണ്ടായിരുന്നില്ല, പക്ഷേ സിനിമ കണ്ടു വീട്ടിലെത്തിയിട്ടും പേടി മാറിയിരുന്നില്ല. ചിത്രത്തിന്റെ പോസ്റ്റർ പോലും നോക്കാൻ പിന്നീട് പേടി തോന്നി. പിന്നീട് എത്രയോ രാത്രികളിൽ ഭാർഗവിനിലയം ഒരു പേടി സ്വപ്നമായി മനസിൽ കിടന്നിരുന്നു. ആ പേടി മാറാൻ ഒരുപാട് കാലമെടുത്തു - ഭാർഗവീനിലയം തിയറ്ററിൽ കണ്ട പഴയ തലമുറയിൽ പെട്ടവർ അന്നത്തെ തിയറ്റർ എക്സ്പീരിയൻസ് ഓർത്തെടുത്തു.
പിന്നീടങ്ങോട്ട് ധാരാളം ഹൊറർ മലയാള സിനിമകൾ പ്രേക്ഷകരെ പേടിപ്പിച്ചും ചിലപ്പോഴൊക്കെ ചിരിപ്പിച്ചും വന്നു പോയിക്കൊണ്ടിരുന്നു. ഹൊറർ എന്ന പേരിൽ ഇറക്കിയ പല സിനിമകളും പേടിയെന്ന് വികാരം മാത്രം സൃഷ്ടിക്കാതെ കടന്നു പോയിട്ടുണ്ട്. ലിസ, കരിമ്പൂച്ച, കലിക, ശ്രീകൃഷ്ണ പരുന്ത്, യക്ഷി, പച്ചവെളിച്ചം, സീൻ നമ്പർ സെവൻ, വീണ്ടും ലിസ, വിശ്വസിച്ചാലും ഇല്ലെങ്കിലും.... അങ്ങനെ ഹൊറർ സിനിമകൾ പലതരത്തിൽ എത്തി. 60കളിലും 70കളിലും 80കളിലും 90കളിലും 2000ത്തിലും ഹൊറർ സിനിമകൾ മലയാളത്തിൽ ഉണ്ടായി. അതായത് ഭാർഗവീനിലയം വന്ന 1964 മുതൽ മുടക്കമില്ലാതെ പേടിപ്പെടുത്തുന്ന സിനിമകൾ മലയാളത്തിന്റെ വെള്ളിത്തിരയിൽ വന്നു എന്നർത്ഥം.
1993ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് ഹൊറർ ചിത്രം എന്ന ഗണത്തിൽ ചിലർ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അതൊരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണെന്ന് പറയുന്നവരും ഉണ്ട്. വരും തലമുറയ്ക്കുള്ള പാഠപുസ്തകം എന്നാണ് അന്ന് ഫാസിൽ ചിത്രത്തെ വിശേഷിപ്പിച്ചത്. അത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഗംഗയും നാഗവല്ലിയും നകുലനും സണ്ണിയും ശ്രീദേവിയും ഒക്കെ ഓരോ തലമുറയ്ക്കും പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്.
റീ റിലീസ് ചെയ്തപ്പോഴും ചിത്രം സൂപ്പർഹിറ്റ് തന്നെ. പക്ഷേ മണിച്ചിത്രത്താഴ് മുതൽ മലയാളസിനിമയിലെ ഹൊറർ ചിത്രങ്ങൾക്ക് വ്യത്യസ്തതകളും പുതുമകളും കൊണ്ടുവരാൻ സംവിധായകർ ശ്രമിച്ചു എന്നത് വലിയ കാര്യമാണ്. അതുവരെ പിന്തുടർന്നുപോന്ന പതിവ് രീതികൾ വിട്ട് എങ്ങനെ വ്യത്യസ്തമായി പേടിപ്പിക്കാം എന്ന് സംവിധായകരും എഴുത്തുകാരും ചിന്തിച്ചുതുടങ്ങി.
ബ്ലാക്ക് ആൻഡ് വൈറ്റിൽ യാതൊരു സാങ്കേതിക മികവും ഇല്ലാതിരുന്നിട്ടും ഭാർഗവിക്കുട്ടി പ്രേക്ഷകരെ പേടിപ്പിച്ചു. കാലം മുന്നോട്ടു കുതിച്ചപ്പോൾ സാങ്കേതിക മികവിന്റെ എല്ലാ സൂത്രങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് മലയാള സിനിമ പ്രേക്ഷകരെ ഭയത്തിന്റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഡിടിഎസും ഡോൾബിയും ത്രീഡിയും എല്ലാം എത്തിയപ്പോൾ ഹൊറർ സിനിമകളുടെ പാറ്റേണും മാറി.
വെറുതെ പേടിപ്പെടുത്തുന്ന സിനിമകൾ എന്നതിനപ്പുറം ചിരിച്ചുകൊണ്ട് കാണാവുന്ന ഹൊറർ-കോമഡി സിനിമകൾ മലയാളത്തിൽ പരീക്ഷിക്കപ്പെട്ടു. പകൽ പൂരവും ഇൻ ഗോസ്റ്റ് ഹൗസ് ഇന്നുമൊക്കെ ചിരിയും ഭയവും ഇടകലർത്തിയ സിനിമകളായിരുന്നു. അടുത്തിടെ ഇറങ്ങിയ രോമാഞ്ചം ഈ ഗണത്തിൽ പെട്ടതായിരുന്നു.
മോഡേൺ പ്രേത കഥയാണ് ലോകയിൽ അവതരിപ്പിച്ചത്. കണ്ടു ശീലിച്ച പ്രേത കാഴ്ചകളെ അടിമുടി തച്ചുടച്ചുകൊണ്ട് ലോക ചാപ്റ്റർ വൺ പുതിയ കാലത്തിന്റെ ഹൊറർ സിനിമയായി. പ്രേതം ആണെങ്കിലും യക്ഷിയാണെങ്കിലും അതിനുമുണ്ട് ഒരു ഹൃദയവും മനസുമെന്ന് പുതിയ എഴുത്തുകാരും സംവിധായകരും കാണിച്ചു തന്നു. ഭ്രമയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഭയത്തിന്റെ ഓരങ്ങളിലൂടെ കൊണ്ടുപോവുകയും ചെയ്തു. ഹൊറർ സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ ഇനിയും നടക്കും.
വയലൻസ് കുത്തി നിറയ്ക്കാതെയും കാതടിപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെയും എങ്ങിനെ ഹൊറർ സിനിമ ചെയ്യാം എന്ന് പുതുതലമുറ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിന്റെ ബിഗ് സ്ക്രീനിൽ ഇനിയും യക്ഷിയും പ്രേതവും ചാത്തനും മറുതയും ഭൂതവും പിശാചുക്കളും നിറയും. പുതിയകാലത്തെ മലയാള സിനിമയിൽ പ്രേതങ്ങൾ വെറും രക്തദാഹികൾ അല്ല, അവർ കാര്യകാരണങ്ങൾ ഇല്ലാതെ ആരെയും കൊല്ലുന്നില്ല... അവർക്കും പലതും പറയാനുണ്ട്, അവർക്ക് വേണ്ടിയും കാതോർക്കേണ്ടി വരും നമുക്ക്..
Movies
കൂളിംഗ് നഷ്ടപ്പെട്ടതിന്റെ വിഷമം രസകരമായ കുറിപ്പിലൂടെ പങ്കുവച്ച് നവ്യ നായർ. പുഴയിൽ മുഖം കഴുകാനായി ഇറങ്ങിയപ്പോഴാണ് താരത്തിന്റെ കണ്ണട നഷ്ടമായത്. ഇതിനെ ദൃശ്യത്തിലെ വരുണിനോടാണ് നടി ഉപമിച്ചത്. വരുണിന്റെ ബോഡി കിട്ടിയാലും ഗ്ലാസ് കിട്ടില്ല എന്നുറപ്പായപ്പോൾ അന്വേഷണം നിർത്തിയെന്നാണ് നവ്യ തമാശരൂപേണ പറഞ്ഞത്.
നവ്യയുടെ കുറിപ്പിന്റെ പൂർണരൂപം
ആർഐപി കണ്ണാടി(ഗോഗിൾസ്). കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപു ഞാൻ എടുത്ത ചിത്രങ്ങൾ. ഇനി ഇത് ഓർമകളിൽ മാത്രം. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ ഗോഗിൾസ് (കണ്ണട) എന്റെ പോക്കറ്റിൽ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങൾ.
ഇത് പൊതുവെ ഞാൻ ഷർട്ടിന്റെ മുൻ ഭാഗത്താണ് വയ്ക്കുന്നത്. എല്ലാവരെയും പോലെ, പക്ഷേ പാന്റ്സിന്റെ സിബ്ബിൽ വയ്ക്കുന്ന, അപ്പോ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയിൽ, എന്റെ ബുദ്ധിയെ ഞാൻ തന്നെ പ്രശംസിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.
വീഡിയോയിൽ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷം കെട്ടലും കഴിഞ്ഞാണ് പുഴയിൽ മുഖം കഴുകാൻ പോയത് (ആ വീഡിയോയിൽ ഗോഗിൾസ് ഇല്ല. സോ അതിനു മുൻപ് സംഭവം നഷ്ടപ്പെട്ടിരിക്കുന്നു) അതോടെ ഫോണിന്റെ ബാക് സൈഡും പൊട്ടി, ഗോഗിൾസും പോയി. വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിൾസ് കിട്ടില്ല എന്നുറപ്പായപ്പോൾ തപ്പൽ നിർത്തി.
അപ്പോഴാണ് ലക്ഷ്മീടെ കാൾ, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റിയുള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു, അത് മറ്റൊരു വള്ളി ആയി എന്നും പറഞ്ഞ്... വല്ലപ്പോഴുമാണ് ഇൻസ്റ്റയിൽ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാൻ കഴിയുന്ന ആ മനസുണ്ടല്ലോ, പറയുന്നതിൽ ചില സത്യങ്ങൾ പായസത്തിലെ മുന്തിരിപോലെ മൊഴച്ചുനിൽക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു. ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട്. ഇന്നത്തെ വള്ളിക്കഥകൾ ഇവിടെ അവസാനിക്കുന്നു. ആരെ ആണാവോ കണികണ്ടത്.
District News
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. വൈകുന്നേരം 4.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാളം വാനോളം ലാൽസലാം എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല.
കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Movies
പരസ്പരം ചെളി വാരിയെറിയാതെ സംഘടനയ്ക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നടൻ ദിലീപ്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂവെന്നും തുറന്നു സംസാരിക്കാൻ മാധ്യമങ്ങൾ പ്രകോപിപ്പിക്കുമെന്നും അങ്ങനെ പാടില്ലെന്നും ദിലീപ് പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദിലീപ്.
ദിലീപിന്റെ വാക്കുകൾ
‘‘വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഒരുപാട് മീറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. പല പ്രശ്നങ്ങളിൽ ഇടപെടുകയും ചർച്ചയുണ്ടാകുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂ എന്നാണ് എല്ലാവരും പറയുന്ന കാര്യം.
പക്ഷേ, പലപ്പോഴും അത് വാക്കുകളിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സംഘടനകൾ മാറി മാറി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കരി വാരി തേയ്ക്കുന്ന, ചെളി വാരിയെറുന്ന സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചില കാര്യങ്ങൾ വരുമ്പോൾ ഒത്തൊരുമിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഇതുപോലെ പല ചർച്ചകളിലും പങ്കെടുത്തിട്ടുള്ള ഒരാളാണ് ഇന്ന് ഫിലിം ചേംബറിന്റെ പ്രസിഡന്റായ അനിൽ തോമസ്. പല ചർച്ചകളിലും ഞങ്ങൾ സ്ഥിരം സംസാരിക്കുന്ന ആളാണ്. പരസ്പരം സ്നേഹമുള്ള ആളുകളാണ് ഇതിനകത്ത് ഉള്ള എല്ലാവരും. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ മനസിലാകുന്നവരാണ്.
പക്ഷേ, പലപ്പോഴും നമ്മൾ കാണുന്നത് പൊതുവെ സംഘടനയ്ക്ക് അകത്തു നിന്ന് സംസാരിക്കേണ്ട കാര്യങ്ങൾ പുറത്ത് നിന്ന് സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. സംഘടനയുടെ ഭാഗമായ ഒരാൾ പുറത്തു പോയി നിന്ന് സംഘടനയ്ക്ക് നേരെ കല്ലെറിയുമ്പോഴാണ് ഉള്ളിൽ ഉള്ളവർ ഓരോ വിഷയങ്ങളും അറിയുന്നത്. ഏതൊരു സംഘടനയുടേയും കാര്യങ്ങൾ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അപ്പോൾ അവർക്ക് അവരുടേതായ നിലപാട് എടുക്കേണ്ടി വരും.
എല്ലാ സംഘടനകൾക്കും അവരുടേതായിട്ടുള്ള നിയമങ്ങളും രീതികളുമൊക്കെ ഉണ്ടാകും. അതിനകത്ത് പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ പുറത്തേക്ക് വരേണ്ട ശബ്ദം ഒന്നായിരിക്കണം. മറ്റൊരു അസോസിയേഷനുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ‘ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അതൊന്ന് പരിഹരിക്കണം’ എന്നു പറഞ്ഞ് കത്ത് നൽകണം.
ഇവിടെ ഏറ്റവും അതോറിറ്റി എന്ന് പറയുന്നത് കാശ് മുടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നിർമാതാക്കൾ തന്നെയാണ്. അവർ ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു എന്നു പറയുന്നത് വലിയ കാര്യമാണ്.
അവർ തീരുമാനിക്കുന്നത് കൊണ്ടാണ് ജോലി ഉണ്ടാകുന്നത്, ഒരുപാട് കുടുംബങ്ങൾ മുന്നോട്ട് പോകുന്നത്. അതിനൊപ്പം തന്നെയാണ് സിനിമയുടെ സാങ്കേതികവശവും. ഒരു സിനിമയ്ക്ക് അനുയോജ്യമായ കഥയും സംവിധാന രീതികളും സാങ്കേതിക വശങ്ങളും എല്ലാം വേണം. വളരെ പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരാണ് ഇവിടെയുള്ളത്. തിരക്കഥയിലെ കാര്യങ്ങൾ മികച്ച രീതിയിൽ സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന താരങ്ങൾ, ഡിസ്ട്രൂബ്യൂട്ടേഴ്സ്, പ്രദർശനശാലകൾ ഇതെല്ലാം ചേരുന്ന കൂട്ടായ്മയാണ് സിനിമ.
അതുകൊണ്ട് പരസ്പരം ചെളിവാരിയെറിയാതിരിക്കാൻ ശ്രമിക്കാം. ഓരോ മേഖലയിലും ഉള്ളവരെ സംരക്ഷിക്കാൻ അതത് മേഖലകളിൽ സംഘടനകൾ ഉണ്ട്. അതിനകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യണം. അത് മറ്റൊരു അസോസിയേഷനുമായി പങ്കുവെയ്ക്കാനും ചർച്ച ചെയ്യാനും ഉണ്ടെങ്കിൽ ഇതുപോലെ ഒരു കൂട്ടായ്മയിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ. അതിന് മുൻകൈ എടുത്ത കേരള ഫിലം ചേംബർ ഓഫ് കൊമേഴ്സിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.
ജനങ്ങൾക്കു മുൻപിൽ വാർത്തകൾ എത്തിക്കുന്നത് മാധ്യമങ്ങളാണ്. ‘നിങ്ങൾക്ക് എന്താണ് പറയാനുള്ളത്... പറയൂ’ എന്ന് മാധ്യമങ്ങൾ പ്രകോപിപ്പിക്കും. എന്നാൽ സംഘടനയുടെ അച്ചടക്കം എന്ന് പറയുന്നത് ആ സംഘടനയുടെ ഭരണസമിതിക്കുള്ളിൽ സംസാരിച്ച് പരിഹരിച്ചതിന് ശേഷം ഒരൊറ്റ ശബ്ദമായി മാത്രം പുറത്തുവരണം. ആരെയാണോ സംസാരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് അവർ വന്ന് സംസാരിക്കണം.
എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ കാണുന്നത്, ഏത് സംഘടനയിൽ ആയാലും ഒരാൾക്ക് എന്തെങ്കിലുമൊരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ നേരെ പോയി മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതാണ്. അതു മാറ്റിയെടുക്കണം.
മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയല്ല. എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി വളരെ വലുതാണ്. അതിലെ ആളുകളെ തമ്മിൽ തല്ലിക്കാതെ ഇരിക്കുക. ഇതൊക്കെ നമ്മുടെ അഭിമാനമായ കൂട്ടായ്മകളാണ്. മലയാള സിനിമ ഗംഭീരമായി മുന്നോട്ട് പോകട്ടെ.’’
Movies
കറുത്ത ലാൻഡ് ക്രൂയിസറിൽ ചാരി നിന്നുള്ള മമ്മൂട്ടിയുടെ ആ നോട്ടം കടലിന്റെ ആഴങ്ങളിൽ ചെന്ന് പതിച്ചിരുന്നു. സർവശക്തനായ ദൈവത്തിന് നന്ദി പറയാനും എല്ലാവരുടെയും പ്രാർഥനയ്ക്ക് സ്നേഹവുമായി ആ മനുഷ്യൻ ഒരു ഫോട്ടോ പങ്കുവച്ചപ്പോൾ പോലും ഏറ്റെടുത്തത് ലക്ഷോപലക്ഷം ആരാധകരായിരുന്നു. ആർക്ക് സാധിക്കും മമ്മൂക്ക, ഇത്തരം സ്നേഹം ആവോളം സ്വീകരിക്കാൻ.
സെപ്റ്റംബർ ഏഴിന് പിറന്നാൾ പുലർച്ചെ ചെന്നൈയിലെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത കടലോരത്താണ് മമ്മൂട്ടി ഫോട്ടോ എടുക്കാനുള്ള ലൊക്കേഷനായി എത്തിയത്.
ഇങ്ങകലെ തന്നെ കാണാനായി നോക്കിയിരിക്കുന്ന ഒരായിരം ആളുകൾക്കായി അദ്ദേഹം നിന്നുകൊടുത്തു. ഏഴു മാസങ്ങൾക്കിപ്പുറം ആ മനുഷ്യന്റെ മുഖവും ആകാരവും അങ്ങനെ ആദ്യമായി മലയാളി കണ്ടു.
രണ്ടാഴ്ച്ചയ്ക്കുള്ളിൽ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് നിർമാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
Movies
കൊച്ചി: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ "അമ്മ' ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരച്ചൂട് ഏറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച 74 പേരാണ് പത്രിക നല്‍കിയത്.
മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ദേവന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ജയന് ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്കി.
നടന് ജോയ് മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്നം കാരണം പത്രിക തള്ളി. ജൂലൈ 31ന് മത്സരിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവിടും.
അതേസമയം, ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്. ബാബുരാജും ജയന് ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് ഓഗസ്റ്റ് 15ന് തെരഞ്ഞടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലപ്രഖ്യാപനമുണ്ടാവും.
505 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. മോഹന്‍ലാല്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് തവണയും അമ്മയുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.